തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ എം. വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിലും ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ. പ്രതിഷേധ സൂചകമായി നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും ബഹിഷ്‌കരിക്കാനാണ് സഭയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടും മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ സഭയെ പൂർണ്ണമായും അവഗണിച്ചെന്നാണ് ആക്ഷേപം. സഭയെ വെറും വോട്ട് ബാങ്ക് ആയി മാത്രമാണ് മുന്നണി കണ്ടതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര തുറന്നടിച്ചു.
മന്ത്രിസഭാ രൂപീകരണത്തിൽ സഭയോട് കാട്ടിയത് കടുത്ത അവഗണനയാണെന്ന് മോൺ. യൂജിൻ പെരേര പറഞ്ഞു. തീരദേശ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളെ വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കാണ് ലത്തീൻ സഭ വഹിച്ചത്. എന്നാൽ ഇപ്പോഴുണ്ടായ തീരുമാനം ഏറെ നിരാശാജനകമാണ്. സഭയ്ക്കുള്ള കടുത്ത അമർഷവും അതൃപ്തിയും മുന്നണിയെ അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലത്തീൻ സഭയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി അഞ്ച് പാസുകളാണ് ലത്തീൻ അതിരൂപതയ്ക്ക് ഔദ്യോഗികമായി ലഭിച്ചിരുന്നത്.
അതേസമയം, ലത്തീൻ സഭയുടെ അതൃപ്തി വാർത്തയായതിന് പിന്നാലെ പ്രതികരണവുമായി നിയുക്ത എംഎൽഎ എം. വിൻസെന്റ് രംഗത്തെത്തി. സഭ പ്രകടിപ്പിക്കുന്നത് അവരുടെ വികാരമാണെന്നും എന്നാൽ ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് യാതൊരുവിധ പരാതിയുമില്ലെന്നും വിൻസെന്റ് വ്യക്തമാക്കി. “ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത പതിനായിരക്കണക്കിന് സാധാരണക്കാരായ പ്രവർത്തകർ നമ്മുടെ പാർട്ടിയിലുണ്ട്. അങ്ങനെയുള്ളപ്പോൾ കോൺഗ്രസ് പാർട്ടി എനിക്ക് എന്നും മികച്ച അവസരങ്ങളാണ് നൽകിയിട്ടുള്ളത്,”– വിൻസെന്റ് കൂട്ടിച്ചേർത്തു.
The Latin Catholic Church has expressed strong resentment against the newly announced UDF cabinet for excluding Kovalam MLA M. Vincent from the ministry and allocating the Fisheries portfolio to the Indian Union Muslim League (IUML). Condemning the alliance for treating the coastal community as a mere “vote bank,” Latin Archdiocese Vicar General Monsignor Eugene Pereira announced that the Church will officially boycott Monday’s swearing-in ceremony. The unexpected friction from a traditional vote base has mounted significant pressure on designated CM V.D. Satheesan ahead of the oath-taking event.


