കൊൽക്കത്ത: ബംഗാളിൽ കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞുനിർത്തി, പശുക്കളുടെ പ്രായം തെളിയിക്കാൻ ‘ജനന സർട്ടിഫിക്കറ്റ്’ ആവശ്യപ്പെട്ട് ബിജെപി എംഎൽഎ രേഖാ പാത്ര. എംഎൽഎയുടെ ഈ വിചിത്രമായ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി. പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് രേഖാ പാത്ര.
ഹിംഗൽഗഞ്ചിലെ ലേബൂഖാലി പ്രദേശത്തു കൂടി കടന്നുപോവുകയായിരുന്ന കന്നുകാലി വണ്ടി തടഞ്ഞുനിർത്തിയാണ് രേഖാ പാത്ര പരിശോധന നടത്തിയത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പശുക്കളെ ഇറക്കി റോഡരികിലെ മരത്തിൽ കെട്ടിയിട്ട എംഎൽഎ, അവയ്ക്ക് ആവശ്യമായ വെള്ളവും വൈക്കോലും നൽകാൻ മുൻകൈ എടുക്കുകയും ചെയ്തു.
നിയമവിരുദ്ധ കന്നുകാലി കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേഖാ പാത്ര പറഞ്ഞു. 14 വയസ്സിന് താഴെയുള്ള കന്നുകാലികളെ അറക്കാൻ പാടില്ലെന്ന് പുതിയ മാർഗ്ഗനിർദ്ദേശമുണ്ടെന്നും അവർ അവകാശപ്പെട്ടു.
“നമ്മുടെ നേതാക്കൾ നിർദ്ദേശിച്ചതുപോലെ, 14 വയസ്സിൽ താഴെയുള്ള പശുക്കളെ അറക്കുന്നതിന് കർശനമായ നിരോധനമുണ്ട്. ആരെങ്കിലും നിയമവിരുദ്ധമായി പശുക്കളെ കടത്തുന്നത് കണ്ടാൽ നമ്മളവരെ പിടികൂടണം, കൂടാതെ ആ പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങും,”– എംഎൽഎ വ്യക്തമാക്കി.
ബിജെപി എംഎൽഎയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും ‘ഡബിൾ എഞ്ചിൻ’ സംസ്ഥാനത്ത് പശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്ന് തൃണമൂൽ വക്താവും എംഎൽഎയുമായ കുനാൽ ഘോഷ് ചോദിച്ചു.
“ബഹുമാനപ്പെട്ട എംഎൽഎയോട് ഞങ്ങൾക്ക് ഒരു അഭ്യർത്ഥനയുണ്ട്. ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിന്ന് പശുവിനായി നൽകിയിട്ടുള്ള അങ്ങനെയൊരു ജനന സർട്ടിഫിക്കറ്റ് ഒരെണ്ണമെങ്കിലും ദയവായി കൊണ്ടുവന്നു കാണിക്കണം. ഞങ്ങൾക്ക് അതൊരു റഫറൻസ് ആക്കാമായിരുന്നു. ഇനി അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ബിജെപിക്ക് കാണിക്കാൻ കഴിഞ്ഞാൽ തന്നെ, ആ സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആരാണ് അധികാരം നൽകിയതെന്ന് കൂടി ഞങ്ങൾക്ക് പരിശോധിക്കേണ്ടി വരും”– കുനാൽ ഘോഷ് പരിഹസിച്ചു.
BJP MLA Rekha Patra from Hingalganj, West Bengal, triggered a major political controversy after stopping a cattle-transporting vehicle and demanding ‘birth certificates’ to prove the age of the cows. The Trinamool Congress (TMC) immediately mocked the bizarre demand, calling it a prime example of the BJP’s lack of basic knowledge. While the TMC accused the BJP of harassing cattle traders under the guise of cow protection, Patra clarified that her intention was to check for official veterinary fitness certificates to counter illegal cattle smuggling.


