ന്യൂഡല്‍ഹി: 45 സര്‍ക്കാര്‍ തസ്തികകള്‍ ലാറ്ററല്‍ എന്‍ട്രി വഴി നികത്താനുള്ള യുപിഎസ്സി തീരുമാനത്തില്‍ എന്‍ഡിഎയ്ക്കുള്ളിലും ഭിന്നത. കേന്ദ്ര നീക്കത്തെ ജെഡിയുവും എല്‍ജെപിയും (രാം വിലാസ് പാസ്വാന്‍) എതിര്‍ത്തു. അതേസമയം ടിഡിപി തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വിഷയം താലത്തില്‍ വെച്ച് കൊടുക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'ക്വാട്ട നികത്താന്‍ സര്‍ക്കാരുകളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ഞങ്ങള്‍ റാം മനോഹര്‍ ലോഹ്യയുടെ അനുയായികളാണ്. നൂറ്റാണ്ടുകളായി ആളുകള്‍ സാമൂഹികമായി പിന്നാക്കാവസ്ഥയിലാണ്. പിന്നെന്തിനാണ് നിങ്ങള്‍ യോഗ്യത തേടുന്നത്? സര്‍ക്കാരിന്റെ ഈ ഉത്തരവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ വിഷയമാണ്,''കെ സി ത്യാഗി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കൈകളില്‍ ആയുധം നല്‍കരുത് എന്നും രാഹുല്‍ ഗാന്ധി സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ചാമ്പ്യനായി മാറും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്‍ജെപി (രാം വിലാസ്) പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും കേന്ദ്ര നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ''ഏത് സര്‍ക്കാര്‍ നിയമനത്തിലും സംവരണ വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം.
അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. സ്വകാര്യമേഖലയില്‍ സംവരണമൊന്നും നിലവിലില്ല. സര്‍ക്കാര്‍ പദവികളിലും അത് നടപ്പാക്കിയില്ലെങ്കില്‍ എന്ത് കാര്യം. ഇത് എനിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,'' ചിരാഗ് പാസ്വാന്‍ പിടിഐയോട് പറഞ്ഞു. മന്ത്രിസഭാംഗമെന്ന നിലയില്‍ വിഷയം ഉന്നയിക്കാന്‍ തനിക്ക് വേദിയുണ്ടെന്നും താന്‍ അത് ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി ഇത്തരമൊരു നടപടിയെ പിന്തുണക്കുന്നതല്ല ചിരാഗ് വ്യക്താക്കി.
സംവരണം ഇല്ലാത്ത ലാറ്ററല്‍ എന്‍ട്രിയെ എതിര്‍ക്കുമെന്ന് എല്‍ജെപി (രാംവിലാസ്) വക്താവ് എ കെ വാജ്പേയിയും പറഞ്ഞു. ഇത് ഭരണഘടനാപരമായ ഉത്തരവിന് എതിരാണ്. തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായതിനാല്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉചിതമായ സമയത്ത് തങ്ങള്‍ ഈ വിഷയത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് നീക്കത്തെ പിന്തുണച്ചു. 'പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വൈദഗ്ധ്യം ആവശ്യമാണ്. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാരിലേക്ക് ലാറ്ററല്‍ എന്‍ട്രി കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, കാരണം ഇത് ഭരണത്തിന്റെ ഗുണനിലവാരവും സാധാരണ പൗരന്മാര്‍ക്കുള്ള സേവനങ്ങളും വര്‍ധിപ്പിക്കും,' നാരാ ലോകേഷ് വ്യക്തമാക്കി.