കോഴിക്കോട്: താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു. ചുരത്തില്‍ നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്പ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ഇന്നും മണ്ണിടിഞ്ഞത്.
താമരശേരി ചുരത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ ചുരത്തില്‍ ബസുകള്‍ക്കും ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 11 മുതലാണ് ചുരത്തില്‍ ഒരുമാസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടിവാരം മുതല്‍ ലക്കിടി വരെയാണ് നിലവിലെ നിയന്ത്രണം. വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍,പക്രന്തളം വഴിയാണ് നിലവില്‍ പോകുന്നത്. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍,നാടുകാണി ചുരം വഴിയാണ് പോകുന്നത്.