ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അന്ന രേഷ്‌മ രാജൻ. ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രമായി എത്തിയ അന്ന ജനപ്രീതി നേടിയിരുന്നു. അതിനു ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അന്ന അഭിനയിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു അന്നയുടെ സിനിമയിലേക്കുള്ള വരവ്. നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അന്നയുടെ ഒരു പരസ്യത്തിന്റെ പോസ്റ്റർ കണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി അന്നയെ അങ്കമാലി ഡയറീസിലേക്ക് വിളിക്കുന്നത്. സിനിമ വമ്പൻ ഹിറ്റായതോടെ തന്നെക്കാൾ പ്രായത്തിന് മൂത്ത നായകനെ പ്രണയിക്കുന്ന അന്നയുടെ ലിച്ചി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
അങ്കമാലി ഡയറീസിന് ശേഷം, മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ വെളിപാടിന്റെ പുസ്‌തകം എന്ന ചിത്രത്തിലാണ് അന്ന അഭിനയിച്ചത്. ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് അന്ന ഇപ്പോൾ. റെഡ് കാർപെറ്റ് എന്ന് പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് അന്ന ഇക്കാര്യങ്ങൾ പറഞ്ഞത്. അന്നയുടെ വാക്കുകൾ ഇങ്ങനെ.
‘വീട്ടിൽ ഞാൻ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടൻ വിളിച്ച് ലാലിൻറെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറയുന്നത്. ലാലേട്ടൻ ആണെന്നുള്ള ചിന്ത ഒന്നും അപ്പോൾ പോയില്ല. പിന്നെ ലാൽ ജോസ് സാറായിട്ട് സംസാരിച്ചപ്പോഴും ലാൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് കത്തുന്നില്ലായിരുന്നു. പിന്നീട് ആരോ വിളിച്ചപ്പോൾ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞെട്ടി. ‘ഞാനോ ലാലേട്ടന്റെ കൂടെയോ’ എന്നായിരുന്നു ചിന്ത. ആ എക്സൈറ്റ്മെന്റ് എപ്പോഴാ മാറിയെന്ന് അറിയില്ല’, അന്ന രാജൻ പറഞ്ഞു.
ആദ്യമായി മോഹൻലാലിനെ കണ്ട ആവേശത്തിൽ സെറ്റിൽ വെച്ച് ഡയലോഗ് മറന്നുപോയതിനെ കുറിച്ചും ലാൽ ജോസ് നൽകിയ ഉപദേശത്തെ കുറിച്ചും അന്ന സംസാരിക്കുന്നുണ്ട്. ‘ലാലേട്ടൻ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷൻ പറഞ്ഞാൽ പെട്ടെന്ന് കഥാപാത്രമാകും. അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഞാൻ എക്സൈറ്റ്മെന്റിൽ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാൻ പറഞ്ഞ് ലാലേട്ടൻ വരെ എക്പ്രഷൻ ഇട്ടു. പക്ഷെ ഞാൻ മറന്നു പോയി,’
‘എന്നോട് ഇതിനു ശേഷം ലാൽ ജോസ് സാർ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്. ലാലേട്ടൻ ചിരിച്ചു കൊണ്ട് വർത്താനം പറഞ്ഞിരിക്കുകയായെങ്കിലും ആക്ഷൻ പറഞ്ഞാൽ കരയേണ്ട സീൻ ആണെങ്കിൽ കരയും. നമ്മുക്ക് എക്സ്പ്രഷൻ മാറുമ്പോഴേക്കും ലാലേട്ടൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും,’ അന്ന പറഞ്ഞു.
സിനിമകൾക്കിടയിൽ വരുന്ന ഇടവേളയെ കുറിച്ചും നടി സംസാരിച്ചു. ‘അവസരങ്ങൾ വരുമ്പോൾ ആ കഥാപാത്രത്തെ ഇങ്ങനെ മാറ്റിയാൽ ഞാൻ ചെയ്യാം എന്നൊക്കെ പറഞ്ഞാൽ ഞാൻ അവിടെ ഫെയിൽ ആയി. കാരണം അവർക്ക് വേറെ ഓപ്‌ഷൻസ് ഉണ്ട്. നമ്മൾ എന്തും ചെയ്യാൻ തയ്യാറാവണം. നമ്മൾ നോ പറഞ്ഞാൽ ആ കഥാപാത്രം മറ്റുള്ളവർക്ക് പോകും. അങ്ങനെ ഞാൻ ഒരുപാട് നോ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. നമ്മുക്ക് കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുക എന്നാലേ ഇപ്പോൾ ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാനാവൂ,’
ഇപ്പോൾ ഞാൻ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എനിക്ക് കുറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് മാറാൻ ജനുവരി എങ്കിലുമാകും. ഞാൻ കുറച്ചു ഭാരം വെച്ചിട്ടുണ്ട്. അത് കുറയ്ക്കാൻ പലരും പറയുന്നുണ്ട്. അതിനൊക്കെ സമയം വേണം. എന്റെ മേക്കോവറിനായി വെയ്റ്റ് ചെയ്യുന്നവരുണ്ട്,’ അന്ന പറഞ്ഞു.