24.9 C
Kottayam
Wednesday, May 22, 2024

‘ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല’; മല്ലിക

Must read

കൊച്ചി:ഫഹദ് ഫാസിൽ കഴിഞ്ഞാൽ യുവ നടൻമാരിൽ ഒട്ടും ഹേറ്റേഴ്സ് ഇല്ലാത്ത നടൻ ഇന്ദ്രജിത്ത് ആയിരിക്കും. അഭിനയത്തിന്റെ റെയ്ഞ്ച് അളന്ന് നോക്കിയാൽ സാക്ഷാൽ സുകുമാര പുത്രൻ എന്ന വിശേഷണത്തിന് നൂറ് ശതമാനം അർഹനാണ് അദ്ദേഹം.

സ്വഭാവിക അഭിനയത്തിൽ ചിലപ്പോഴെല്ലാം പൃഥ്വിരാജിനെക്കാൾ ഒരു പണത്തൂക്കം മുന്നിലാണ് ഇന്ദ്രജിത്തെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ആ അഭിനയശേഷി മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല.

2002ൽ മീശമാധവനിലെ വില്ലനായ ഈപ്പൻ പാപ്പച്ചിയെ സ്വീകരിക്കുമ്പോൾ ഇന്ദ്രജിത്തിന് പ്രായം ഇരുപത്തിരണ്ട് മാത്രമായിരുന്നു. സിനിമയിൽ വലിയ അനുഭവശേഷി ഒന്നുമില്ലാത്ത ആ കാലത്ത് തെല്ലും പതറാതെ ആ വേഷം ഇന്ദ്രജിത്ത് മികച്ചതാക്കി.

2006ൽ വീണ്ടും ലാൽ ജോസ് എന്ന സംവിധായകൻ മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയിൽ നിന്ന് ക്ലാസ്മേറ്റ്സിലെ പയസാകാനും ഇന്ദ്രജിത്തിനെ തെരെഞ്ഞെടുത്തതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല.

വില്ലൻ വേഷവും ഹാസ്യ നായക വേഷവും എല്ലാം ഇന്ദ്രജിത്ത് എന്ന നടനിൽ സുരക്ഷിതമായിരുന്നെങ്കിലും വേണ്ടവിധത്തിൽ അതൊന്നും മുഴുവനായും ഇന്നും ഉപയോഗപ്പെട്ടിട്ടില്ല. നായകനിലെ കഥകളിക്കാരനായ വരദനുണ്ണി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ, ആമേനിലെ ഫാദർ വട്ടോളി തുടങ്ങിയ വേഷങ്ങളെല്ലാം ഇന്ദ്രജിത്തിലെ പ്രതിഭ വിളിച്ചോതുന്നവയായിരുന്നു.

ആദ്യ കാലങ്ങളിൽ നായക, സഹനായക, ഹാസ്യ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും സിനിമയിൽ സജീവമായിരുന്ന സിദ്ധിഖ്, സായ് കുമാർ, വിജയരാഘവൻ തുടങ്ങിയ അഭിനേതാക്കളുടെ കഴിവ് പൂർണ്ണമായും മലയാള സിനിമ കണ്ടത് രണ്ടായിരത്തിന് ശേഷം അവർ പകർന്നാടിയ പല മികച്ച ക്യാരക്ടർ റോളുകളിലൂടെയാണ്.

ഇന്നത്തെ യുവനടൻമാരിൽ ഈ മൂവരുടെ സ്ഥാനത്തോളം വളരാനുള്ള കഴിവ് ഇന്ദ്രജിത്ത് എന്ന നടനിലുണ്ട്. നടനെന്നതിലുപരി ഇന്ദ്രജിത്തിലെ മനുഷ്യനേയും മലയാളിക്ക് ഇഷ്ടമാണ്.

2018ലെ വെള്ളപ്പൊക്ക സമയത്താണ് താൻ വെറുമൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹികൂടിയാണെന്ന് മറ്റുള്ളവർക്ക് അദ്ദേഹം മനസിലാക്കിക്കൊടുത്തത്. ഭാര്യ പൂർണിമക്കൊപ്പം അൻപോട് കൊച്ചി എന്ന സംഘടനയോടൊപ്പം ചേർന്ന് രാപ്പകലില്ലാതെ അധ്വാനിച്ചിരുന്നു.

ഇപ്പോഴിത ഇന്ദ്രജിത്തിനെ കുറിച്ചും അദ്ദേഹം സിനിമയിൽ ഒതുക്കപ്പെടാനുള്ള കാരണത്തെ കുറിച്ചും മല്ലിക സുകുമാരൻ പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൗമു​ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ തുറന്ന് പറച്ചിൽ. ‘ഇന്ദ്രൻ എന്നെപ്പോലെയാണ്.’ ‌

‘ശുദ്ധ അസംബദ്ധം ആരേലും വന്ന് പറഞ്ഞാലും എനിക്കും തോന്നും ഇതൊന്നും ശരിയാവില്ലെന്ന്. പക്ഷെ വിഷമിപ്പിക്കുന്ന തരത്തിൽ എതിരെ നിൽക്കുന്ന ആൾക്ക് മറുപടി കൊടുക്കില്ല.’

‘ഇത് ഒന്നുകൂടി ആലോചിക്കുന്നതല്ലേ നല്ലത് എന്നൊക്കെ എതിരെ നിൽക്കുന്ന ആളോട് ഒരു നയത്തിൽ പറയും. ഞാനും ഇന്ദ്രനും അങ്ങനെയാണ് പറയാറുള്ളത്. ഇന്ദ്രന്റേയും എന്റേതും നയത്തിലുള്ള സംസാരമാണ്. പിന്നീട് എനിക്ക് തോന്നി സിനിമയിൽ ഞങ്ങളുടെ ഈ നയം വലിയ പ്രയോ​ജനം ചെയ്തിട്ടില്ലെന്ന്.’

‘എനിക്ക് മാത്രമല്ല ഇന്ദ്രനും ചെയ്തിട്ടില്ല. കൂടുതൽ നയജ്ഞനായാൽ ഇവിടുത്തെ സ്ഥിതി അറിയാമല്ലോ…. തോളിൽ കയറി ഇരിക്കും ആളുകൾ. ഇപ്പോൾ അത് മനസിലായതുകൊണ്ട് ഇന്ദ്രനും തീരുമാനങ്ങളൊക്കെ കുറച്ച് കൂടി കർക്കശമാക്കി.’

‘ആരേയും ബുദ്ധിമുട്ടിക്കേണ്ടല്ലോ വിഷമിപ്പിക്കണ്ടല്ലോ എന്നാണ് അവൻ അങ്ങനെ സംസാരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷെ തിരിച്ച് ആ നന്ദിയോ സ്നേഹമോ കിട്ടത്തില്ല. അത് സിനിമയിലുമില്ല രാഷ്ട്രീയത്തിലുമില്ല.’

‘സിനിമയിലും രാഷ്ട്രീയത്തിലും സ്നവേഹിക്കുന്നവരെ തിരിച്ച് ചീത്ത വിളിക്കുന്ന രം​ഗമാണ്. അഭിനയം കുറച്ച് ജീവിതത്തിലും വേണം. നയം കൂടുതലായാലും കുഴപ്പമാണ് ഒട്ടും ഇല്ലെങ്കിലും കുഴപ്പമാണ്’ മല്ലികാ സുകുമാരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week