25.9 C
Kottayam
Tuesday, May 21, 2024

‘കുഞ്ഞാറ്റ പോക്കറ്റ് മണിക്കായി ബാം​ഗ്ലൂരിൽ ജോലി ചെയ്യുന്നു, ദുൽഖറിന്റെ വാക്കുകേട്ട് കണ്ണ് നിറഞ്ഞു’; മനോജ്

Must read

സ്വഭാവിക അഭിനയത്തിൽ ഇത്രയേറെ കഴിവുണ്ടായിട്ടും മലയാള സിനിമയിൽ വേണ്ടത്ര അം​ഗീകരിക്കപ്പെട്ടിട്ടില്ലാത്ത നടനാണ് മനോജ് കെ ജയൻ. മിനിമം ഇപ്പോഴത്തെ ബിജു മേനോന്റെ ലെവലിൽ എങ്കിലും പരി​ഗണിക്കപ്പെടേണ്ട മനുഷ്യനാണ് മനോജ് കെ ജയൻ എന്നാണ് ആരാധകർ പറയുന്നത്.

ഒരുപാട് റോളുകളും സിനിമകളും തപ്പി പോകേണ്ടതില്ല മനോജ് കെ ജയന്റെ കഴിവ് മനസിലാക്കാൻ. അനന്ദഭദ്രത്തിലെ ദി​ഗംബരൻ എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തിന്റെ യോഗ്യത അളക്കാൻ.

വാരിവലിച്ച് സിനിമകൾ ചെയ്യാറില്ലെങ്കിലും തന്നെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങൾ വന്നാൽ മനോജ് കെ ജയൻ മടികൂടാതെ ചെയ്യാറുണ്ട്. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ സിനിമ ലൂയിസിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയപ്പോൾ സിനിമ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. ആ വിശേഷങ്ങൾ വായിക്കാം….

‘സർ​ഗത്തിലെ കഥാപാത്രവും ആ സിനിമയുമാണ് മറ്റുള്ള സിനിമകളിലേക്ക് വഴിവെട്ടി തന്നത്. വ്യത്യസ്തമായ കഥാപാത്രം ചെയ്യാനാണ് ആ​ഗ്രഹം.’

‘എപ്പോഴും ആ ആ​ഗ്രഹം നടക്കാറില്ല. ഇപ്പോഴും അത്തരത്തിലാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇടയ്ക്ക് സിനിമകൾ തമ്മിൽ വലിയ ​ഗ്യാപ്പ് വരുന്നത്. ആളുകളേയും വെറുപ്പിക്കണ്ടല്ലോ. കുറച്ച് കൂടി സജീവമാകണമെന്ന് ഒരുപാട് പേർ എന്നോട് പറയാറുണ്ട്.’

‘സർ​ഗം ചെയ്ത ശേഷം പിന്നീട് അങ്ങോട്ട് കുറച്ച് നാൾ ഞാൻ ഭയങ്കര ബിസിയായിരുന്നു. നല്ല സിനിമകളിലേക്ക് മാത്രമാണ് ആളുകൾ എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നത്. അന്ന് ഒന്നും ഒഴിവാക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് അക്കാലത്ത് അത്രയേറെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയത്. എനിക്ക് സിനിമ വരാത്തതല്ല.’

‘ചിലതൊക്കെ സ്വയം വേണ്ടെന്ന് വെക്കും ഞാൻ. എനിക്കൊന്നും ചെയ്യാനില്ല കഥാപാത്രമായിരിക്കും അവയൊക്കെ. ഓടി നടന്ന് അഭിനയിക്കണമെന്നില്ല എനിക്ക്. നല്ല കുറച്ച് കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രം. ഞാൻ ആളുകളുമായി അധികമായി മിങ്കിൾ ചെയ്യാറില്ല. പക്ഷെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ ഞാൻ എല്ലാവരുമായി കമ്പനിയാണ്.’

‘ആ ഷൂട്ട് കഴിഞ്ഞ ശേഷവും വീട്ടിൽ പിന്നീടുള്ള ദിനങ്ങളിൽ ആ ഷൂട്ടുമായി ബന്ധപ്പെട്ടവരെയോ ആർട്ടിസ്റ്റുകളെയോ നിരന്തരമായി കോൺടാക്ട് ചെയ്യില്ലെന്ന് മാത്രം. ഞാൻ ചാൻസ് ചോദിക്കാറില്ല. ദുൽഖർ എന്റെ പിറന്നാളിനിട്ട കുറിപ്പ് കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി.’

‘അങ്ങനെയൊക്കെ തുറന്ന് പറഞ്ഞുവെന്നതാണ് എന്നെ സന്തോഷിപ്പിച്ചത്. ഒറ്റ സിനിമയെ ഞാൻ അവനൊപ്പം അഭിനയിച്ചുള്ളു എന്നിട്ടും അവൻ‌ അത് പറഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. എനിക്ക് ദുൽഖർ പറഞ്ഞത് ഒരുപാട് ഇഷ്ടമായി. അത് ഞാൻ ഒരിക്കലും മറക്കില്ല.’

‘ഫാന്റം പൈലിയിലെ പോലീസ് വേഷം എനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. അതൊരു ടെറിഫിക്ക് വില്ലനായിരുന്നു. മമ്മൂക്കയുടെ നെ‍ഞ്ചിൽ ചവിട്ടുന്ന സീനുണ്ടായിരുന്നു. എനിക്ക് അത് കണ്ടപ്പോൾ എങ്ങനെ അദ്ദേഹത്തപ്പോലൊരു ആളുടെ നെഞ്ചിൽ‌ ചവിട്ടുമെന്നോർത്ത് സങ്കടമായി. എനിക്ക് കാല് പൊക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.’

‘അദ്ദേഹത്തിന് ഇമേജ് പ്രശ്നമില്ല. മമ്മൂക്ക ക്യാരക്ടറിനാണ് പ്രാധാന്യം കൊടുക്കുന്നത്. തന്റെ ഫാൻസ് എന്ത് കരുതുമെന്ന ചിന്തയൊന്നും അദ്ദേഹമില്ല. മമ്മൂക്ക നൽകിയ ധൈര്യത്തിലാണ് നെഞ്ചിൽ കാല് വെച്ചത്. പ്രണവും ദുൽഖറും അത്രത്തോളം നല്ല പിള്ളേരാണ്.’

‘അതുകൊണ്ടാണ് അവരെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത്. മഹാനടന്മാരുടെ മക്കളാണെന്ന തരത്തിലൊന്നും അവർ പെരുമാറാറില്ല. അവർ രണ്ടുപേരും മുത്തുകളാണ്. മനസ് നിഷ്കളങ്കമായത് കൊണ്ടാണ് മമ്മൂക്കയും ഞാനുമെല്ലാം തുറന്ന് സംസാരിക്കുന്നത്. പിന്നെ കോട്ടയം കാരുമാണ്. ദി​ഗംബരന്റെ അപ്പിയറൻസാണ് എല്ലാവരേയും പേടിപ്പിക്കുന്നത്.’

‘ദി​ഗംബരന്റെ പേര് പറഞ്ഞാണ് പലരും കുട്ടികളെ പേടിപ്പിച്ചിരുന്നത് പോലും. തെയ്യം അടക്കമുള്ള കാലാരൂപങ്ങളുടെ വേഷത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ദി​ഗംബരന്റെ ലുക്കും വസ്ത്രധാരണവും ചെയ്തത്. എന്നെകൊണ്ട് പറ്റുമോയെന്ന ചിന്തയായിരുന്നു ആദ്യം. ഭാര്യ ആശയും മകനും യു.കെയിലാണ്. മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്.’

‘മകൾ കുഞ്ഞാറ്റ ബാം​ഗ്ലൂരിൽ ജോലി ചെയ്യുന്നു. അവൾ സിനിമാ മോഹം ഇതുവരെ പറഞ്ഞിട്ടില്ല. എന്നും എന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് ഞാൻ സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറുന്നുവെന്ന് അവൾ പറഞ്ഞിരുന്നു. ബാം​ഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നാണ് അവൾ പഠനം പൂർത്തിയാക്കിയത്’ മനോജ് കെ ജയൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week