33.4 C
Kottayam
Sunday, May 5, 2024

സൗദിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

Must read

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം. സൗദി കുടുംബമാണ് അപകടത്തില്‍പെട്ടത്.

സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്. ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.

സൗദി അറേബ്യയിലെ മദീനയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ബാലിക മുങ്ങി മരിച്ചു. മദീനയിലെ ഖൈബറിലെ വാദി അല്‍ഗറസിലാണ് കുട്ടി മുങ്ങി മരിച്ചത്. വെള്ളക്കെട്ടില്‍ കുട്ടി മുങ്ങി മരിച്ചതായി വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മഴക്കാലത്ത് അരുവികളും വെളക്കെട്ടുകളും മുറിച്ചു കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്ര പോകുമ്പോള്‍ കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ഇറങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ അപകടം ഉണ്ടായിരുന്നു. അമ്മയും മകളുമാണ് മുങ്ങി മരിച്ചത്. ജിസാന്‍ സൗത്ത് കോര്‍ണിഷിലായിരുന്നു സംഭവം. അപകടം നിറ‍ഞ്ഞ സ്ഥലത്ത് യുവതിയും മകളും ഫുട്‍പാത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീന്താന്‍ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇവര്‍ വീണത്. ജിസാനിലെ അല്‍ മൗസിം സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week