KeralaNews

ജനിച്ചത് വെള്ളിക്കരണ്ടിയുമായി,കൈക്കൂലി വാങ്ങിയിട്ടില്ല,പിടികിട്ടാപ്പുള്ളിയുമല്ല,സുസ്മിത സെന്നുമൊത്തുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി ലളിത് മോദി

ലണ്ടന്‍: ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ ഇന്നുവരെ എന്നും സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം നടക്കുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്ത താരമാണ് സുസ്മിത. ഇപ്പോഴിതാ സുസ്മിതയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലളിത് മോദിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് സുസ്മിത വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി സോഷ്യല്‍ മീഡിയയിലൂടെ താനും സുസ്മിതയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും മോദി പങ്കുവച്ചിരുന്നു. ആരാധകരേയും സിനിമാ ലോകത്തേയും മാത്രമല്ല സുസ്മിതയുടെ കുടുംബത്തെ പോലും ഞെട്ടിച്ചുകളഞ്ഞതായിരുന്നു ഈ വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ സുസ്മിതയ്ക്കും ലളിത് മോദിയ്ക്കും ആശംസകളുമായി ഒരു വിഭാഗം എത്തുമ്പോള്‍ മറ്റൊരു വിഭാഗം പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ തനിക്കും സുസ്മിതയ്ക്കുമെതിരെയുള്ള സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും മോശം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ലളിത് മോദി രംഗത്തെത്തിയിരിക്കുന്നത്.

”എന്നെ ട്രോളുന്നതില്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്രയും രസം കണ്ടെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും മാത്രമാണ് ഞാന്‍ ചെയ്തത്. അതിലെന്താണ് തെറ്റ്. നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത് മിഡില്‍ ഏജിലാണോ, ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രി ശരിയാണെങ്കിലും സമയം ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേ. നമ്മുടെ രാജ്യത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ നോക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. ശരിയായ വാര്‍ത്ത എഴുതുക” എന്നായിരുന്നു ലളിത് മോദി കുറിച്ചത്.

”നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്കായി കുറച്ച് അറിവ് പകരട്ടെ. മിനല്‍ മോദി 12 വര്‍ഷം എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. എന്റെ അമ്മയുടെ സുഹൃത്തായിരുന്നില്ല. ആ ഗോസിപ്പ് ചില തത്പരകക്ഷികളാണ് പ്രചരിപ്പിച്ചത്. ഈ മോശം മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍ സമയമായി. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായിക്കാണും. ഒരാള്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ ആസ്വദിക്കുക”.

”നിങ്ങളേക്കാളൊക്കെ തലയുയര്‍ത്തി തന്നെയാണ് ഞാന്‍ നടക്കുന്നത്. നിങ്ങള്‍ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചാലും. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല എന്നതാണ് ഉത്തരം. ഞാന്‍ സൃഷ്ടിച്ചത് പോലൊന്ന് വേറെ ഒരാള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് പറയൂ. എന്നിട്ടത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം”.

”2008 ല്‍ ഞാന്‍ പറഞ്ഞു ഐപിഎല്‍ റിസെഷന്‍ പ്രഫ് ആണെന്ന്. എല്ലാവരും പൊട്ടിച്ചിരിച്ചു. ഇപ്പോള്‍ ആരാണ് ചിരിക്കുന്നത്. ഞാന്‍ എല്ലാം ഒറ്റയ്ക്കാണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. ബിസിസിഐയിലെ ഒരാള്‍പോലും ഒന്നും ചെയ്തിരുന്നില്ല. എല്ലാവരും വന്നത് അവരവരുടെ 500 ഡോളര്‍ വാങ്ങാനാണ്. നമ്മുടെ രാജ്യത്തെ ഒരുമിപ്പിക്കുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്ന എന്തെങ്കിലും സൃഷ്ടിച്ച ആരെയെങ്കിലും അറിയാമോ?”.

”എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വില്‍ക്കുന്നത് ഞാന്‍ കാര്യമാക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല. ഞാന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്. കൈക്കൂലി വാങ്ങിയിട്ടില്ല. റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണ് ഞാന്‍ എന്ന് മറക്കരുത്. ഞാന്‍ പണം എടുത്തിട്ടില്ല, വാങ്ങുകയായിരുന്നു. പ്രത്യേകിച്ചും പൊതുജനത്തിന്റെ പണം എടുത്തിട്ടില്ല. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല”.

”നിങ്ങള്‍ ഉറക്കം ഉണരാനുള്ള സമയമാണിത്. ബിസിസിഐയില്‍ ചേര്‍ന്നപ്പോള്‍ 40 കോടിയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നത്. 2005 നവംബര്‍ 29 ന് എന്റെ പിറന്നാളിന് ജോയിന്‍ ചെയ്തത്. വിലക്ക് വന്നപ്പോള്‍ എഥ്രയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നതെന്ന് അറിയാമോ? 47680 കോടി. ഒരു കോമാളിയെങ്കിലും സഹായിച്ചോ? ഇല്ല. എവിടെ തുടങ്ങണം എന്നു പോലും അവര്‍ക്ക് അറിയില്ലായിരുന്നു. വ്യാജ മാധ്യമങ്ങളെ ലജ്ജിക്കൂ. ഇപ്പോള്‍ അവര്‍ നായകന്മാരെ പോലെ അഭിനയിക്കുന്നു. ഒരിക്കലെങ്കിലും സത്യസന്ധത കാണിക്കൂ” എന്നു കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം നിര്‍ത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker