കൊച്ചി:മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നടി നായികയായി തുടക്കം കുറിക്കുന്നത്. ഈ സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസ് സഫാരി ടിവിയിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.
‘രാവിലെ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോവുന്ന ഷൂട്ടിംഗ് സ്ഥലത്ത് മുഴുവൻ മാരുതി ഒമ്നി കാർ ഫോളോ ചെയ്യുന്നുണ്ട്. ആ കാറിൽ കൊള്ളാവുന്നതിനേക്കാൾ ചെറുപ്പക്കാർ ഉണ്ട്. രാവിലെ മുതൽ വെള്ളമടിച്ച് ഫിറ്റായ ആളുകൾ കറങ്ങുന്നുണ്ട്’
‘ചെറിയൊരു ആശങ്കയോടെയാണ് നമ്മൾ നോക്കുന്നത്. കാരണം ഗുണ്ടൽപേട്ട് ഭാഗത്ത് ആളുകൾ സാധുക്കളാണെങ്കിലും പെട്ടെന്ന് വയലന്റ് ആവുന്ന സ്വഭാവമുള്ളവരാണ്’
‘വിചാരിക്കാത്ത സമയത്ത് അവർ വയലന്റാവും. നാട്ടുകാർ ഇവരെ കൈകാര്യം ചെയ്താൽ അതിന്റെ ഉത്തരവിദിത്വം നമുക്കാവും. പോവുന്ന സമയത്ത് ദിലീപെന്നോട് പറഞ്ഞു, ലാലൂ ഒന്ന് സൂക്ഷിക്കണേ ഇത്തിരി പിശകാണ്. അവർ കാറിലിരുന്ന് അസഭ്യം പറയുന്നുണ്ടെന്ന്’
‘ആ വഴി ദിലീപ് പാസ് ചെയ്തപ്പോൾ ദിലീപിനെ ചീത്ത വിളിക്കുകയും ചെയ്തു. ഒരു തടാകത്തിന്റെ കരയിൽ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്യണം. ഇടയ്ക്കിടയ്ക്ക് ഡ്രസ് ചേഞ്ച് വേണ്ടി വരും. എന്റെ കൂടെയുണ്ടായിരുന്ന നിധീഷ് ബൈക്കിൽ കാവ്യയെ ഡ്രസ് മാറ്റാൻ കൊണ്ട് പോവും. കാവ്യയുടെ അമ്മ യൂണിറ്റ് ബസിലുണ്ടാവും’
‘ഒരു തവണ ഡ്രസ് മാറാൻ വേണ്ടി പോയി തിരിച്ച് വരുമ്പോൾ ഒരു സ്ഥലത്ത് ആ മാരുതി ഒമിനിയിൽ ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്. ബൈക്കിൽ അവൾ പാസ് ചെയ്യുമ്പോൾ ഇവൻമാർ കണ്ണ് പൊട്ടുന്ന തെറി പറഞ്ഞു, മോശം കമന്റുകളും. നിധീഷ് നല്ല ആരോഗ്യവാനും ദേഷ്യക്കാരനുമാണ്’
‘അവൻ ഷൂട്ടിംഗ് സ്പോട്ടിൽ കാവ്യയെ കാെണ്ടിറക്കി തിരിച്ച് പോവുന്നത് കണ്ടപ്പോൾ എനിക്ക് പിശക് തോന്നി. നിധീഷിനെ വിളിച്ച് എവിടെ പോവുകയാണെന്ന് ചോദിച്ചു. അവൻമാർ തെറി പറഞ്ഞു, സൂക്കേട് തീർത്തിട്ട് വരാമെന്ന് പറഞ്ഞു. നിൽക്കെന്ന് ഞാൻ പറഞ്ഞു. അന്ന് ഷൂട്ടുംഗിന്റെ അവസാന ദിവസമാണ്’
‘വിവരമറിഞ്ഞ് യൂണിറ്റ് മുഴുവൻ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ. അന്ന് ചെറിയ കുട്ടിയാണ്. ഷൂട്ടിംഗ് തീർന്നാൽ പെരുന്നാളായിരിക്കും. അത് കൊണ്ട് വേഗം സ്ഥലം വിടാൻ പറ, ഇവൻമാരൊക്കെ വയലന്റായാണ് നിൽക്കുന്നതെന്ന് അവരോട് പറയാൻ ഞാൻ അസിസ്റ്റന്റിനെ ഏൽപ്പിച്ചു. കാവ്യയെയും ഡാൻസേർസിനെയും വെച്ച് അവസാന ഷോട്ടെടുക്കുകയാണ്. കട്ട് പറയാൻ നേരെ പെട്ടെന്നൊരു ശബ്ദം കേട്ടു’
‘നോക്കുമ്പോൾ ഞാൻ പറഞ്ഞു വിട്ട അസിസ്റ്റന്റ് വിനു ആ ചെറുപ്പക്കാരുടെ കൂട്ടത്തിലെ പൊക്കമുള്ളൊരുത്തന്റെ ചെകിട്ടത്ത് അടിക്കുന്നതാണ്. അത് കണ്ട സെറ്റിലുണ്ടായിരുന്ന ആജാനുബാഹുക്കളായവരെല്ലാം വന്ന് യൂണിറ്റ് മൊത്തം നിന്ന് ചെറുപ്പക്കാരെ അടിച്ച് നശിപ്പിക്കുകയാണ്. ഇവൻമാർ ഓടാൻ തുടങ്ങി’
‘റോഡിൽ യൂണിറ്റിലെ ഒരു ബാച്ച് അവിടെ ഉണ്ടായിരുന്നു. ഇവൻമാർക്ക് അതറിയില്ലായിരുന്നു. അവർ സംഭവം കണ്ട് വന്നു. പിന്നെ വളഞ്ഞിട്ടുള്ള അടിയാണ്’
‘അതിനിടയിൽ ഒരുത്തൻ പറഞ്ഞു ഞാനൊരു അഡ്വക്കേറ്റാണ് എന്നെ തല്ലിയാൽ നിങ്ങൾ പാഠം പഠിക്കുമെന്ന്. അയാൾക്ക് വിവരിക്കാൻ പറ്റാത്ത തരത്തിലുള്ള അടിയായിരുന്നു. അവർ ഓടി കാറിൽ കയറി. ഡ്രെെെവറെ തല്ലിയിരുന്നില്ല’
‘നിങ്ങൾ രാത്രി ബത്തേരി വഴിയല്ലേ പോവുക കാണിച്ച് തരാമെന്ന് ഡ്രൈവർ പറഞ്ഞു. അതോടെ ഡ്രൈവറെ വിൻഡോയിലൂടെ വലിച്ച് പുറത്തേക്കിട്ടു. കാർ ചാലിൽ പോയി വീണു. പിന്നെ പൊരിഞ്ഞ അടിയാണ്,’ ലാൽ ജോസ് പറഞ്ഞു.