തിരുവനന്തപുരം: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിൽ കാമുകി വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മി പ്രിയ അറസ്റ്റിൽ. ബോധം പോകുംവരെ അതിക്രൂരമായി സംഘം മര്‍ദ്ദിച്ചെന്ന് പരിക്കേറ്റ യുവാവ് പറഞ്ഞു. മകൾ ക്വട്ടേഷൻ നൽകിയതല്ലെന്നും യുവാവ് നിരന്തരം ശല്യം ചെയ്യുന്നത് തടയാൻ സുഹൃത്തുക്കളോട് പറയുകയാണുണ്ടായതെന്നുമാണ് ലക്ഷ്മി പ്രിയയുടെ അമ്മയുടെ വിശദീകരണം.
ബുധനാഴ്ച രാവിലെ പത്ത് മണിക്ക് അയിരൂരിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ എറണാകുളത്തേക്ക് കൊണ്ട് പോയി മർദ്ദിച്ചുവെന്നാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിൻറെ പരാതി. കാറിൽ വെച്ചും എറണാകുളത്തെ ഒരു വീട്ടിൽ വെച്ചും ലക്ഷ്മി പ്രിയയും സംഘവും അക്രമിച്ചെന്നാണ് യുവാവ് പറയുന്നത്. കറങ്ങാൻ പോകാമെന്ന് ഫോണിലൂടെ വിളിച്ച് പറഞ്ഞ് ശേഷം തന്ത്രപരമായി കാറിലേക്ക് കയറ്റിയെന്നാണ് പരാതി.
മാലയും വാച്ചും 5,500 രൂപയും തട്ടിയെടുത്തു. എറണാകുളത്തെ വീട്ടിൽ വച്ച് വിവസ്ത്രനാക്കി മര്‍ദ്ദിച്ചുവെന്നും ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചുവെന്നും യുവാവ് പറയുന്നു. വിസമ്മതിച്ചപ്പോൾ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചെന്നും യുവാവ് പറയുന്നു. ലക്ഷ്മിപ്രിയയും മർദ്ദനമേറ്റ യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബിസിഎ പഠനത്തിനായി എറണാകുളത്തേക്ക് പോയശേഷം ലക്ഷ്മിപ്രിയ യുവാവുമായി അകലുകയായിരുന്നു. യുവാവ് പിന്നെയും ശല്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് വിശദീകരണം.
സംഭവത്തിൽ മുഖ്യപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മി പ്രിയയെ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ് ലക്ഷ്മിപ്രിയ. സംഭവത്തിൽ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റൊരു പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു. ലക്ഷ്മിപ്രിയയുടെ സുഹുൃത്തായ മഞ്ഞുമ്മൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ അഞ്ചുപേര്‍ ഒളിവിലാണ്.
അതേസമയം. തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കപ്പെട്ട യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തെന്ന് യുവാവിന്റെ അച്ഛൻ പറഞ്ഞു. മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചുവെന്നും കഞ്ചാവ് വലിപ്പിച്ചുവെന്നും സിഗരറ്റ് കൊണ്ട് കുത്തി ശരീരം പൊള്ളിച്ചെന്നും അച്ഛൻ പറഞ്ഞു. മർദ്ദനമേറ്റ യുവാവിനെ ബന്ധു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
‘മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മർദ്ദിച്ചത്. അവർ തമ്മിൽ പ്രണയമായിരുന്നില്ല. മകനും യുവതിയും തമ്മിൽ മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒമ്പതര മണിക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് ഏഴര മണിക്ക് സ്റ്റാന്റിൽ വിടുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ അച്ഛൻ 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞു,’- മർദ്ദനമേറ്റ യുവാവിന്റെ അച്ഛൻ പറഞ്ഞു.