‘കല്യാണം കഴിച്ചു, ഒരു കൊച്ചുണ്ട്, കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു, പേര് സിയല്‍’; കുടുംബത്തെ കുറിച്ച് ഷൈൻ
കൊച്ചി:ഇരുപത്തിനാല് മണിക്കൂറും സിനിമയ്ക്കുള്ളിൽ ജീവിക്കാൻ കഴിഞ്ഞാൽ അതിൽപ്പരം സന്തോഷം മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നയാളാണ് ഷൈൻ ടോം ചാക്കോ. വിശ്രമം പോലും ഒഴിവാക്കി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള സഞ്ചാരമാണ് എപ്പോഴും. മലയാളവും തമിഴും കടന്ന് ഷൈനിന്റെ ഖ്യാതി തെലുങ്ക് വരെ എത്തി നിൽക്കുകയാണ്.
നാനിയുടെ ദസറയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ഷൈൻ തെലുങ്കിലേക്ക് അരങ്ങേറിയിരിക്കുന്നത്. നായകൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ തുടങ്ങി ഏത് വേഷവും അനായാസം ഷൈൻ കൈകാര്യം ചെയ്യും.
ഷൈൻ ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞു. വർഷങ്ങളോളം ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ശേഷം ഗദ്ദാമയിലൂടെയാണ് ഷൈൻ അഭിനയത്തിലേക്ക് ചുവടുറപ്പിച്ചത്.
പാസിങ് ഷോട്ടുകളിൽ നിന്ന് നായകവേഷങ്ങളിലേക്കുള്ള ഷൈനിന്റെ വളർച്ച സിനിമയേയും അഭിനയത്തേയും പാഷനായി കൊണ്ടുനടക്കുന്നവർക്ക് പ്രചോദനം പകരുന്നതാണ്. ഷൈൻ റൊമാൻസ് ചെയ്യുന്നത് വളരെ വിരളമായി മാത്രമാണ് നാം കണ്ടിരിക്കുന്നത്. അടി എന്ന സിനിമയുടെ പാട്ട് റിലീസ് ചെയ്ത ശേഷം റൊമാൻസ് ചെയ്ത് വിസ്മയിപ്പിക്കാനും ഷൈനിന് സാധിക്കുമെന്നാണ് ആരാധകരും സിനിമാപ്രേമികളും പറയുന്നത്.
അഹാന കൃഷ്ണ നായികയാകുന്ന സിനിമയാണ് ഷൈൻ ടോം ചാക്കോ നായക വേഷം ചെയ്യുന്ന അടി. ഏപ്രിൽ 14ന് വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിക്ക് തിരക്കഥ എഴുതിയത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഷൈനും അഹാന കൃഷ്ണയും. ഇപ്പോഴിത പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും തന്റെ കുഞ്ഞിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. അടിയുടെ ടീസര്‍ കണ്ടുവെന്ന് അവതാരക പറഞ്ഞപ്പോള്‍ ‘എങ്ങിനെ ഉണ്ടായിരുന്നു കല്യാണം…. എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ലെന്ന് മനസിലായില്ലേ… താലികെട്ടാന്‍ പഠിപ്പിച്ചു. അഹാന എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു. ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി.’
‘ഇനി ആദ്യം മുതല്‍ പഠിക്കണം.’ എന്നാണ് ഷൈന്‍ പറഞ്ഞത്. ശേഷം കുഞ്ഞിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ലല്ലോയെന്ന് ഇന്റർവ്യൂവർ ചോദിച്ചപ്പോൾ കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് ഷൈന്‍ മറുപടി നല്‍കിയത്. കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേരെന്നും താരം വെളിപ്പെടുത്തി.
‘അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതില്‍ നമ്മള്‍ സന്തോഷിക്കുക അല്ലേ വേണ്ടത്…’ ഷൈന്‍ പറഞ്ഞു. നടന്റെ വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
‘ഷൈന്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്ന് തോന്നുന്നു. പക്ഷെ പുള്ളി എല്ലാവരെയും എന്റർടെയ്ൻ ചെയ്യാന്‍ നടക്കുകയാണ്. പുള്ളിയെ ആളുകള്‍ എത്ര ആക്ഷേപിച്ചാലും പുള്ളി പറയുന്നതൊക്കെ വളരെ കറക്ടാണ്’ എന്നെല്ലമാണ് കമന്റുകൾ വരുന്നത്. അഭിമുഖങ്ങൾ കൊടുക്കുന്നതിന്റെ പേരിൽ നിരന്തരമായി ട്രോൾ ചെയ്യപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് ഷൈൻ ടോം ചാക്കോ.