വ്ലാഡിമിർ പുട്ടിന്റെ ആരോഗ്യം അപകടത്തിൽ; കാഴ്ച കുറയുന്നു, നാവ് കുഴയുന്നു: റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ട്. റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലിലാണ് പുട്ടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാർത്ത വന്നത്. 

കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിൻ നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്.

കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിർദേശം നൽകിയെങ്കിലും പുട്ടിൻ അതിന് കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.  

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ പുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെങ്കോ പുട്ടിനെ സന്ദർശിക്കാനെത്തിയപ്പോൾ പുട്ടിന്റെ കാലുകൾ വിറയ്ക്കുന്നുവെന്ന് വ്യക്തമാക്കി നിരവധി വിഡിയോകൾ പുറത്തുവന്നിരുന്നു.

പുട്ടിൻ കാൻസർ ബാധിതനാണെന്ന് സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടുകളെല്ലാം വ്യാജമാണെന്നറിയിച്ച് റഷ്യ തള്ളിക്കളയുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News