ന്യൂഡല്‍ഹി: ലോക്സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
വധശ്രമക്കേസില്‍ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി പതിമൂന്നിനായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.
ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെകട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല.
ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരെഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നടപടിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ ലോക്സഭാ സെക്രട്ടറിയേറ്റിന് തന്റെ അയോഗ്യത പിൻവലിക്കാൻ കഴിയാത്തതെന്നും ഹർജിയിൽ ഫൈസൽ ചോദിക്കുന്നു. അഭിഭാഷകൻ കെ.ആർ. ശശി പ്രഭുവാണ് ഫൈസലിന്റെ ഹർജി ഫയൽ ചെയ്തത്.