യാസ് കര തൊട്ടു; 20 ലക്ഷം പേരെ ഒഴിപ്പിച്ചു, കൊല്‍ക്കൊത്ത വിമാനത്താവളം അടച്ചു, കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കനത്ത കാറ്റാണ് വീശുന്നത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നായി 20 ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ചുഴലിക്കാറ്റ് തീരത്ത് എത്തിയത്. ഉച്ചയോടെ പൂര്‍ണമായി കരയിലേക്ക് കടക്കുന്നതോടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയെ അടക്കം വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും പശ്ചിമ ബം?ഗാളിലും ശക്തമായ മഴയാണ് പെയ്യുന്നത്.

കൊല്‍ക്കൊത്ത നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴയാണ് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News