യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു; റോഡിലൂടെ ഓടിയ സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

കടുത്തുരുത്തി :ഫാൻസി സ്റ്റോർ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കടുത്തുരുത്തി വെള്ളാശേരി മുത്താംകുഴിയിൽ ഷൈനി ശ്രീധരൻ (51) ആണ് പിടിയിലായത്.

കടുത്തുരുത്തി താഴത്തുപള്ളി റോഡിൽ ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. മരിയ ഫാൻസി സ്റ്റോറിലെ ജീവനക്കാരി ആയാംകുടി സ്വദേശി വിജി ബിജുവിന്റെ (42) മാലയാണ് കവർന്നത്.

മാലയുമായി പുറത്തേക്കോടിയ ഷൈനിയെ വിജി കടന്നുപിടിച്ചതോടെ വിജിയുടെ ഇടതു കൈത്തണ്ട കടിച്ചുമുറിച്ചു. റോഡിലൂടെ ഓടിയ ഷൈനിയെ നാട്ടുകാർ പിടികൂടി. കൈയ്ക്കു പരുക്കേറ്റ വിജി കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താലി മാത്രമായിരുന്നു സ്വർണത്തിന്റേതെന്നു കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു.

മോഷണം ലക്ഷ്യമിട്ട് ഏതാനും ദിവസം മുൻപ് ഷൈനി ഫാൻസി സ്റ്റോറിലെത്തി നിരീക്ഷണം നടത്തിയെന്നു പൊലീസ് പറ‍ഞ്ഞു. വിരല‍യാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News