വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ
ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്‌റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവമിങ്ങനെ.
എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത ടിഫാനി ആദംസിനാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. വിമാനം ടൊറാന്റോ വിമാനത്താവളത്തിലെത്തിയിട്ടും യുവതിയെ വിളിച്ചുണര്‍ത്താന്‍ ജീവനക്കാരും മറ്റ് യാത്രക്കാരും മറന്നു പോയി. പിന്നീട് ഉറക്കമുണര്‍ന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു. താന്‍ മാത്രമെ വിമാനത്തിനുള്ളില്‍ ഉള്ളുവെന്ന് മനസിലാക്കിയ ടിഫാനി ആദ്യം പകച്ചു.പിന്നീട് ധൈര്യം കൈവിടാതെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാരംഭിച്ചു.
മൊബൈലില്‍ സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ചാര്‍ജ് ഇല്ലാത്തതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനത്തിനുള്ളിലെ കൂരിരുട്ടില്‍ ടിഫാനി കോക്പിറ്റിലെത്തി. അവിടെനിന്ന് ഒരു ടോര്‍ച്ച് ലഭിച്ചു. അതും തെളിച്ച് വിമാനത്തിന്റെ വാതില്‍ ബലമായി തുറന്നെങ്കിലും ഏകദേശം അമ്പതടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് ചാടാന്‍ യുവതി ഭയപ്പെട്ടു.ഇതോടെ കൈയിലെ ടോര്‍ച്ച് തെളിയിച്ച് വിമാനത്താവളത്തിലെ ജീവനക്കാരെ വിവരമറിയിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തിയാണ് ടിഫാനിയെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചു. ഇനി എന്തായാലും ബസ് യാത്രയില്‍ പോലും ടിഫാനി ഉറങ്ങില്ലെന്നുറപ്പ്. എന്തായാലും സംഭവത്തേക്കുറിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചു.കമ്പനിയ്ക്ക് നാണക്കേടുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപിടയെടുക്കുമെന്നാണ് സൂചന.