NationalNews

കർണാടകയിൽ ഹിജാബിന് ഇപ്പോൾ അനുമതിയില്ല, ഉത്തരവ് വരെ തൽസ്ഥിതി തുടരട്ടെ: ഹൈക്കോടതി

ബെംഗളുരു: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തൽക്കാലം മതാചാരവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരണം. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും നൽകിയ ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റി. 

ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നും കോടതി നിർദേശം. സമാധാനം തകർക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്. 

ബെംഗളുരു സിറ്റിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധപ്രകടനങ്ങളും സർക്കാർ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നാണ് ഹൈക്കോടതി നിർദേശം. 

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാനമന്ത്രിസഭയുടെയും തീരുമാനം. 

അതേസമയം, സ്കൂളുകൾ, പ്രീയൂണിവേഴ്സിറ്റി കോളേജുകൾ, ഡിഗ്രി കോളേജുകൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം 200 മീറ്റർ ചുറ്റളവിൽ ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 22 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക. 

ഹിജാബ് എന്നത് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, ഹർജിയിൽ വാദം നടക്കുമ്പോൾ 2016-ലെ കേരള ഹൈക്കോടതി ഉത്തരവ് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായി. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്ന്  കേരളഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേരള ഹൈക്കോടതി വിധി കണക്കിലെടുക്കണമെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. 

അതേസമയം, കർണാടകയ്ക്ക് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളും ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിജാബ് സ്കൂള്‍ യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശും പുതുച്ചേരിയുമാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു ചർച്ചയില്ലെന്ന വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ നരോത്തം മിശ്ര രംഗത്തത്തിയിരുന്നു. തെലങ്കാനയിലും ഹിജാബ് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ട്. ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന്  ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്‍റില്‍ നേരത്തേ ചര്‍ച്ചയാവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്കഗാന്ധി എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇതിന് സഹോദരൻ രാഹുൽ ഗാന്ധി ലൈക്ക് നൽകിക്കൊണ്ട് മറുപടിയും ട്വീറ്റ് ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker