യുവതിയുടെ ‘നീലച്ചിത്ര പ്രവേശം’; ചുരുളഴിയുന്നത് സഹപാഠിയുടെ ഞെട്ടിക്കുന്ന കൊടുംചതിയുടെ കഥ

ഗുവാഹട്ടി: ഒറ്റ ദിവസംകൊണ്ടാണ് ആ അസം യുവതി ഇന്റർനെറ്റിൽ ചെറുപ്പക്കാരുടെ ഹരമായി മാറിയത്. അവളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ യുവാക്കളെ മുൾമുനയിൽ നിർത്തി. ‘വിൽപ്പനച്ചര’ക്കെന്ന് വിളിച്ച് ഇൻസ്റ്റഗ്രാം പേജിൽ പ്രകോപനപരമായ പോസ്റ്റുകൾ നിറഞ്ഞു. തൊട്ടുപിന്നാലെ താൻ നീലച്ചിത്രത്തിൽ അഭിനയിക്കാൻ പോവുകയാണെന്ന പ്രഖ്യാപനവും.

എന്നാൽ, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌(എഐ) ടൂളുകൾ ഉപയോഗിച്ച് അവളെ ഇൻസ്റ്റ സെൻസേഷൻ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകൾ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠി. ഇയാളെ ദിബ്രുഗഡ് പോലീസ് തിൻസുകിയയിൽനിന്ന് അറസ്റ്റ് ചെയ്തു.

മുപ്പത്‌ വയസ്സുള്ള പ്രതി പ്രോതിം ബോറ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. പ്രതിയുടെ അതേ പ്രായമുള്ള, വിവാഹിതയായ യുവതി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി ദിബ്രുഗഡ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ പ്രൊഫൈൽ ഉണ്ടാക്കാൻ ബോറ നൽകിയ വിവരങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാൽ അഗർവാൾ പറഞ്ഞു.

‘യുവതി ഞങ്ങൾക്ക് പരാതി നൽകിയപ്പോൾ, ഒരു ഇൻസ്റ്റഗ്രാം പേജ് റഫറൻസായി നൽകി. അതിന്റെ വിശദാംശങ്ങൾ തേടിയപ്പോൾ ഒരു കോൺടാക്റ്റ് നമ്പർ കണ്ടെത്തി. അങ്ങനെ ഞങ്ങൾ അയാളെ കണ്ടെത്തി, അറസ്റ്റ് ചെയ്തു. പ്രോതിം ബോറയെ അറിയുമോയെന്ന് ഞങ്ങൾ യുവതിയോട് ചോദിച്ചു. അവർ ഒരുമിച്ച് പഠിച്ചിരുന്നതായും മുൻപരിചയം ഉണ്ടായിരുന്നതായും അവർ സ്ഥിരീകരിച്ചു.’ എഎസ്പി അഗർവാൾ പറഞ്ഞു.

2013 മുതൽ 2017 വരെ പ്രതിയും യുവതിയും കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പൺആർട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്റ്റ്‌വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ധനസമ്പാദനത്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഒരു ലാപ്‌ടോപ്, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, ടാബ്‌ലെറ്റ്‌, പെൻഡ്രൈവ്, കാർഡ് റീഡർ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം നിർമ്മിക്കാൻ എന്ത് ക്രെഡൻഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്.

ഇയാൾ Linktree-യിൽ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നൽകുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ഉണ്ടായിരുന്നതിനാൽ ഇയാൾക്ക് പണവും ലഭിച്ചു. അങ്ങനെ ഏകദേശം 10 ലക്ഷം രൂപ ലഭിച്ചതായി പോലീസ് കരുതുന്നു.

മുതിർന്ന നീലച്ചലച്ചിത്ര താരമായ കെൻഡ്ര ലസ്റ്റിനൊപ്പമുള്ള ഇരയുടെ മോർഫ് ചെയ്ത ചിത്രം അപ്‌ലോഡ്‌ ചെയ്ത്‌ യുവതി നീലച്ചലച്ചിത്ര വ്യവസായത്തിൽ ചേരുകയാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പ് കൊടുത്തതോടെ ഈ പ്രൊഫൈലിന് ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ഫോളോവേഴ്‌സിനെയും ലഭിച്ചു. ഈ അക്കൗണ്ട്‌ 2022 മുതലുള്ളതാണ്.

സ്ത്രീയുടെ മാനഹാനി വരുത്താൻ ബലം പ്രയോഗിക്കൽ, ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തൽ, സൽപ്പേരിന് ഹാനികരമായ വ്യാജവസ്തുക്കൾ നിർമ്മിക്കുക, അപകീർത്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News