ബാലരാമപുരം: തലയലിൽ ക്ഷീരകർഷകയായ വയോധികയ്ക്കു നേരേയുണ്ടായ ക്രൂരമായ മുഖംമൂടി ആക്രമണത്തിൽ മരുമകൾ സുകന്യ(27) ബാലരാമപുരം പോലീസിന്റെ പിടിയിലായി. ആക്രമണത്തിനിരയായ വാസന്തിയുടെ മൂന്നു മക്കളിൽ രണ്ടാമനായ രതീഷിന്റെ ഭാര്യയാണ് സുകന്യ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് തലയൽ ആറാലുംമൂട് പുന്നക്കണ്ടം വയൽ നികത്തിയ വീട്ടിൽ വാസന്തി(60) ആക്രമിക്കപ്പെട്ടത്. ക്ഷീരകർഷകയായ വാസന്തിയെ സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമിച്ചത്. കറുത്ത പാന്റ്‌സും ഷർട്ടുമിട്ട് മുഖം മറച്ചെത്തിയയാളാണ് ആക്രമിച്ചത്. കമ്പിവടികൊണ്ട് കാലിനും തലയ്ക്കും അടിച്ചു. ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഓടിമറഞ്ഞ പ്രതിയെ ആദ്യം പിടികൂടാനായില്ല.
യുവാവാകും ആക്രമിച്ചതെന്നാണ് നാട്ടുകാരും പോലീസും ധരിച്ചിരുന്നത്. ഇതേത്തുടർന്ന് പ്രദേശത്തെ പല യുവാക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടുകാരെയും ചോദ്യംചെയ്തു. വീട്ടുകാരിലും പോലീസിനു സംശയമുണ്ടായിരുന്നു.
വാസന്തിയുടെ വീടും പരിസരവും പരിശോധിച്ച പോലീസ് ആക്രമിക്കാൻ ഉപയോഗിച്ച് കമ്പിവടി സമീപത്തെ പൊട്ടക്കിണറ്റിൽനിന്നു കണ്ടെത്തി. കന്പിവടി വീട്ടിൽനിന്നു കണ്ടെത്തിയതു കാരണം പ്രതി വീട്ടിൽത്തന്നെയുള്ളതാണെന്ന് പോലീസ് മനസ്സിലാക്കി.
വ്യാഴാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാസന്തിയെ ശുശ്രൂഷിച്ച ശേഷം വീട്ടിലേക്കു മടങ്ങിവരുകയായിരുന്ന മകൻ രതീഷിനെയും സുകന്യയെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. തുടർന്നു നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സുകന്യ കുറ്റം സമ്മതിച്ചത്. അമ്മയുടെ വാക്കുകേട്ട് ഭർത്താവ് നിരന്തരം സുകന്യയെ മർദിക്കുമെന്നും ഇതാണ് അമ്മയെ ആക്രമിക്കാനുണ്ടായ കാരണമെന്നുമാണ് സുകന്യ പോലീസിനു മൊഴിനൽകിയിരിക്കുന്നത്.