ലാ ലീഗയിൽ മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി ബാഴ്‌സലോണ

ബാഴ്‌സലോണ:മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി സ്‌പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ. ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്‌സയ്‌ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് ഇരട്ട ഗോള്‍ നേടി.

സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്‌സലോണ നേടിയത്. 19-ാം മിനുറ്റില്‍ ജെറാഡ് പിക്വേ ഹെഡറിലൂടെ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. പിന്നാലെ 45+2, 59 മിനുറ്റുകളില്‍ ബ്രാത്ത്‌വെയ്റ്റ് ഇരട്ട ഗോളുമായി മൂന്ന് ഗോള്‍ ലീഡ് സമ്മാനിച്ചു. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ സെര്‍ജിയോ റോബര്‍ട്ടോ(90+1) ബാഴ്‌സയുടെ പട്ടിക പൂര്‍ത്തിയാക്കി.

അതേസമയം 82, 85 മിനുറ്റുകളിലായിരുന്നു സോഡിഡാഡിന്‍റെ മറുപടി ഗോളുകള്‍.ലാ ലീഗയില്‍ നിലവിലെ ചാമ്ബ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ തുടങ്ങി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ അത്‌ലറ്റികോ ഒന്നിനെതിരെ രണ്ട് ഗോളിന് സെല്‍റ്റാ വിഗോയ്‌ക്കെതിരെ ജയിച്ചു. എയ്ഞ്ചല്‍ കൊറെയ നേടിയ രണ്ട് ഗോളാണ് ഡിയേഗോ സിമിയോണിക്കും സംഘത്തിനും ജയമൊരുക്കിയത്. 23, 64 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. ഇയാഗോ അസ്പാസ് സെല്‍റ്റയ്‌ക്കായി ഗോള്‍ മടക്കി.

സീസണില്‍ ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റികോ മാഡ്രിഡിനും പുറമെ റയല്‍ മാഡ്രിഡ്, സെവിയ്യ, വലന്‍സിയ ക്ലബുകളും ആദ്യ മത്സരത്തില്‍ വിജയം നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News