ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റമുണ്ടായി വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അണിയറയില്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് മുതിര്‍ന്ന നേതാവ് പ്രൊഫ. കെ.വി. തോമസ്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിന്റെ ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി തിളങ്ങിയ തോമസ് മാഷ്, എല്‍.ഡി.എഫ് പരാജയപ്പെട്ടതോടെ വീണ്ടും രാഷ്ട്രീയ കൂടുമാറ്റത്തിന് ഒരുങ്ങുന്നതായാണ് തലസ്ഥാനത്തുനിന്നുള്ള ശക്തമായ സൂചനകള്‍. ബിജെപിയുടെ കരുത്തനായ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി കെ.വി. തോമസ് ഡല്‍ഹിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഒന്നടങ്കം ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്‌തോമസ് മാഷ് കാവിപ്പാളയത്തിലേക്കോ?
കൂടിക്കാഴ്ചയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ നിഗൂഢമായ പുഞ്ചിരിയോടെ അഭ്യൂഹങ്ങള്‍ തള്ളിക്കളയാതിരുന്ന കെ.വി. തോമസിന്റെ ശൈലി ഈ സംശയങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു. ‘ഡല്‍ഹിയില്‍ താന്‍ പലരെയും കാണാറുണ്ട്’ എന്നായിരുന്നു മാഷിന്റെ തന്ത്രപരമായ മറുപടി. കൂടുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘നിങ്ങള്‍ക്ക് ഒത്തിരി കഥകള്‍ കൊടുക്കാം. ഞാന്‍ ഇവിടെ അന്‍പതുവര്‍ഷമായി രാഷ്ട്രീയത്തിലുള്ളതല്ലേ. ബി.എല്‍. സന്തോഷ് അടക്കമുള്ള ആളുകളെ പത്തിരുപത് വര്‍ഷമായി നേരിട്ട് കാണുന്നതാണ്, ഇന്ന് ഇപ്പോള്‍ പുതിയതായി കാണുന്നതല്ലല്ലോ’ എന്ന് പറഞ്ഞ് രാഷ്ട്രീയ കൗതുകം അദ്ദേഹം സജീവമാക്കി നിര്‍ത്തി.
ഡല്‍ഹിയില്‍ കെ.വി. തോമസിന് വീണ്ടും കോളടിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്. ബി.എല്‍. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എന്‍.ഡി.എ സഖ്യത്തിലെ പ്രമുഖ നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയായി കെ.വി. തോമസ് മാറിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളും ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളിലെ സ്വാധീനവും ഉദ്യോഗസ്ഥ തലത്തിലുള്ള മികച്ച ബന്ധങ്ങളും മുന്‍നിര്‍ത്തി, മറ്റ് ചില ബിജെപി ഇതര/എന്‍ഡിഎ സംസ്ഥാനങ്ങളും കെ.വി. തോമസിനെ തങ്ങളുടെ പ്രത്യേക പ്രതിനിധിയാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസ്, തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ ധാര്‍മ്മികത മുന്‍നിര്‍ത്തി സ്ഥാനം രാജിവെച്ച് ഓഫീസ് ഒഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് (ബുധനാഴ്ച) ഡല്‍ഹി കേരളാ ഹൗസിലെത്തി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതോടൊപ്പം വരും ദിവസങ്ങളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
കേരള രാഷ്ട്രീയത്തിലും ഡല്‍ഹിയിലും പവര്‍ പൊളിറ്റിക്‌സിന്റെ എല്ലാ തന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ നേതാവാണ് കെ.വി. തോമസ്. സംസ്ഥാനത്ത് മന്ത്രിയായും യു.പി.എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം 2019-ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് നേതൃത്വവുമായി അകന്നത്. പിന്നീട് 2022-ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ രാഷ്ട്രീയ ചതുരംഗത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരുന്ന തോമസ് മാഷിന് മാസങ്ങള്‍ക്കള്ളില്‍ പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്ക് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുകയായിരുന്നു.
കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ കെ.വി. തോമസിനെ ഇനി ഡല്‍ഹിയില്‍ നിലനിര്‍ത്താന്‍ സതീശന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ അതിജീവനത്തിനായി തോമസ് മാഷ് തന്റെ പഴയ ഡല്‍ഹി ബന്ധങ്ങള്‍ വീണ്ടും സജീവമാക്കുന്നത്. എന്‍.ഡി.എ പാളയത്തിലോ ചന്ദ്രബാബു നായിഡുവിന്റെ പ്രതിനിധിയായോ ഡല്‍ഹിയിലെ ലെയ്‌സണ്‍ പൊളിറ്റിക്‌സില്‍ മാഷ് പുതിയ കസേര ഉറപ്പിച്ചാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്-ഇടത് ക്യാമ്പുകള്‍ക്ക് ഒരേപോലെ വലിയൊരു രാഷ്ട്രീയ പ്രഹരമായി മാറും. പ്രായം തളര്‍ത്താത്ത രാഷ്ട്രീയ തന്ത്രങ്ങളുമായി തോമസ് മാഷിന് ഇപ്പോഴും ഡല്‍ഹി വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ടെന്ന് തന്നെയാണ് ഈ നീക്കങ്ങള്‍ തെളിയിക്കുന്നത്.
Senior leader Prof. K. V. Thomas is reportedly planning another political shift following the change of governance in Kerala and the formation of the V. D. Satheesan-led government. Speculation intensified after Thomas held a closed-door meeting with BJP National General Secretary B. L. Santhosh in New Delhi. Having previously served as the LDF government’s special representative in Delhi after leaving Congress, Thomas is now rumored to be heading towards the BJP camp in search of a new constitutional or administrative role.


