കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റികളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ഗുരുതര ആരോപണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കഴിഞ്ഞുപോയത് ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കല്യാശ്ശേരിയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കെ.കെ. രാഗേഷ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകള്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയോ പരാജയപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ബി.ജെ.പിക്ക് ഇവിടെ ശക്തിപ്പെടാന്‍ കഴിയൂ എന്ന് അവര്‍ക്കറിയാം.
അതിനായി ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം കൈകോര്‍ത്ത് ‘സ്ട്രാറ്റജിക് വോട്ടിങ്’ (തന്ത്രപരമായ വോട്ട് മറിച്ച് വിറ്റല്‍) നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷം ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിന് ശക്തമായി നില്‍ക്കുന്ന മണ്ഡലങ്ങളില്‍ അവരെ പരാജയപ്പെടുത്താനായി വോട്ട് മാറ്റി ചെയ്യുക, യു.ഡി.എഫ് ഏതെങ്കിലും തരത്തില്‍ തോല്‍ക്കാന്‍ ഇടയുണ്ടെങ്കില്‍ അത് തടയാന്‍ ബി.ജെ.പി വോട്ട് മറിച്ചു നല്‍കുക എന്നതായിരുന്നു ഈ അവിശുദ്ധ സഖ്യത്തിന്റെ ലക്ഷ്യമെന്നും കെ കെ രാഗേഷ് പറഞ്ഞു.
‘ഈ തെരഞ്ഞെടുപ്പില്‍ ലീഗും ജമാഅത്തെയും മതം നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പറഞ്ഞു, പള്ളി നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പ്രചരിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍, പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ശക്തിപ്പെടാന്‍ കഴിയൂ എന്ന് ബിജെപിക്ക് അറിയാം. ഈ തെരഞ്ഞെടുപ്പില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ട്രാറ്റജിക് വോട്ടിങ്ങും നടന്നു. ഇടതുപക്ഷം ചെറിയ വോട്ടിന് ശക്തമായി നില്‍ക്കുന്നയിടങ്ങളില്‍ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍ വോട്ട് മാറ്റി ചെയ്യുക. യുഡിഎഫ് ഏതെങ്കിലും തരത്തില്‍ തോല്‍ക്കാന്‍ ഇടയുണ്ടെങ്കില്‍ തോല്‍ക്കുന്നത് തടയാന്‍ വേണ്ടി വോട്ട് മാറ്റി ചെയ്യുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കണ്ണൂരിലും ഉണ്ട് അനുഭവം. രണ്ടു മണ്ഡലങ്ങളില്‍ ഇത് നടന്നു. പേരാവൂരില്‍ യുഡിഎഫ് തോല്‍വിയുടെ വക്കത്ത് എത്തിയ മണ്ഡലമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ബിജെപിക്ക് കിട്ടിയ പതിനായിരം വോട്ട് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ ഇല്ല. ആ പതിനായിരം വോട്ട് നേരെ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്ക് പോയിരിക്കുന്നു. സ്ട്രാറ്റജിക് വോട്ടിങ്ങ്. തോല്‍ക്കുന്നത് കാണുമ്പോള്‍ തോല്‍ക്കാതിരിക്കാന്‍ ഒരു കൈത്താങ്. കൈത്താങ് എന്നല്ല പറയുക, താമരത്താങ്, പേരാവൂരില്‍ താമരത്താങ്, പയ്യന്നൂരിലും താമരത്താങ്’- കെ കെ രാഗേഷ് ആരോപിച്ചു.
‘നേമത്തും കൈത്താങ് ഉണ്ടായി. 12,000 വോട്ടാണ് രാജീവ് ചന്ദ്രശേഖരന് അധികമായി ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയതാണ് കോണ്‍ഗ്രസ്. നേമത്ത് രാജീവ് ചന്ദ്രശേഖരന് വേണ്ടി കോണ്‍ഗ്രസ് 12,000 വോട്ട് മാറ്റിചെയ്തു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് ബിജെപിയുടെ മിടുക്ക് കൊണ്ടല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മൂന്നിടത്തും മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരിക്കുകയാണ്.എങ്ങനെ പോയി? കോണ്‍ഗ്രസ് വോട്ട് മാറ്റി ചെയ്തു. സ്ട്രാറ്റജിക് വോട്ടിങ് നടന്നു. വര്‍ഗീയതയുടെ ഐക്യപ്പെടല്‍ അപകടകരമായ നിലയിലാണ് കേരളത്തില്‍ കാണുന്നത്. യുഡിഎഫിന് അനുകൂലമായി വോട്ട് മാറ്റി ചെയ്യാന്‍ ബിജെപി തീരുമാനിക്കുമ്പോള്‍ അവര്‍ ആദ്യം നടത്തുന്ന പ്രചരണം എന്താണ്? സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍. തൃശൂര്‍ അങ്ങനെയല്ലെ പ്രചരിപ്പിച്ചത്. ബിജെപിയുമായി ഇടതുപക്ഷത്തിന് ഡീല്‍. എന്നിട്ട് എന്താണ് സംഭവിച്ചത്?’- കെ കെ രാഗേഷ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ ബി.ജെ.പി വോട്ടുകള്‍ വ്യാപകമായി യു.ഡി.എഫിന് ലഭിച്ചതായി കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാനില്ലെന്നും, ആ പതിനായിരം വോട്ട് നേരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു. തോല്‍വിയുടെ വക്കിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തോല്‍ക്കാതിരിക്കാന്‍ ബി.ജെ.പി നല്‍കിയ താമരത്താങ്ങാണിത് (ബി.ജെ.പി സഹായം). പേരാവൂരിലും പയ്യന്നൂരിലും ബി.ജെ.പി കോണ്‍ഗ്രസിനെ സഹായിച്ചപ്പോള്‍, ഇതിന് പ്രത്യുപകാരമായി തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തതായും രാഗേഷ് ആരോപിച്ചു.
നേമത്ത് രാജീവ് ചന്ദ്രശേഖരന് വേണ്ടി കോണ്‍ഗ്രസ് 12,000 വോട്ടുകളാണ് മാറ്റി ചെയ്തത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോയ കോണ്‍ഗ്രസ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പോയത് അവരുടെ വോട്ട് ബി.ജെ.പിക്ക് മറിച്ചതുകൊണ്ടാണ്. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചത് അവരുടെ മിടുക്കുകൊണ്ടല്ല, മറിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ട് മറിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയതുകൊണ്ടാണ്.
കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനോപകാര പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്താതിരിക്കാനും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കാനും ഇത്തരത്തിലുള്ള അപകടകരമായ വര്‍ഗീയ ഐക്യപ്പെടലുകളാണ് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് മറിക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും തീരുമാനിച്ചപ്പോള്‍ ജനങ്ങളുടെ കണ്ണ് കെട്ടാനായി അവര്‍ ആദ്യം പ്രചരിപ്പിച്ചത് സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്നായിരുന്നുവെന്നും കെ.കെ. രാഗേഷ് പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തോല്‍വിയുടെ യഥാര്‍ത്ഥ കാരണം വലതുപക്ഷത്തിന്റെ വോട്ട് കച്ചവടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കണ്ണൂര്‍ നേതൃത്വത്തിന്റെ ശ്രമമെങ്കിലും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം മറ്റ് ജില്ലകളിലേക്കും പടരുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ ചില അനാവശ്യ പരാമര്‍ശങ്ങള്‍ കേരളത്തിലെ നിഷ്പക്ഷരായ വോട്ടര്‍മാരെ പാര്‍ട്ടിക്ക് എതിരാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്ന് മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി. കൂടാതെ, ഈ തെരഞ്ഞെടുപ്പ് കാലത്ത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായ ഭാഷയില്‍ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകാതിരുന്നതും ഇടതുപക്ഷത്തിന് വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാക്കിയതായി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന സമിതിയിലടക്കം ഈ വോട്ട് ചോര്‍ച്ചയും ആഭ്യന്തര തര്‍ക്കങ്ങളും കടുത്ത രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാണ്.
CPI(M) Kannur District Secretary K.K. Ragesh alleged that the party’s recent assembly election defeat was a result of an unholy nexus and ‘strategic voting’ between the Congress and the BJP. Speaking at the E.K. Nayanar memorial meet in Kallyasseri, he claimed that minority communalism was rampant during the election, with organizations like the Muslim League and Jamaat-e-Islami campaigning on religious lines. Ragesh asserted that the opposition forces intentionally transferred votes to weaken the Left Democratic Front (LDF) across various constituencies.


