കൊച്ചി: മോഡലിങ്ങിന്റെയും ലക്ഷങ്ങള്‍ ശമ്പളമുള്ള വിദേശ ജോലികളുടെയും മറവില്‍ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായ, ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു (56) ആണ് ഈ ആസൂത്രിത പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിന്ധുവിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ ആഡംബര ഫ്‌ലാറ്റിലെ താമസക്കാരിയുമായ അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവര്‍ ഈ രാജ്യാന്തര ശൃംഖലയുടെ ഏറ്റവും പ്രധാനപ്പെട്ട ഏജന്റുമാരാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
യുവതികളെ കെണിയില്‍ വീഴ്ത്താനും വിദേശത്തേക്ക് കടത്താനും അതീവ ആസൂത്രിതമായ നീക്കങ്ങളാണ് സിന്ധുവിന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്നിരുന്നത്. സിനിമ-സീരിയല്‍ മോഹങ്ങളുള്ള യുവതികള്‍ക്ക് മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്തും, സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് വിദേശത്തെ പ്രമുഖ ബ്യൂട്ടിപാര്‍ലറുകളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉറപ്പുനല്‍കിയുമാണ് ഇവര്‍ വലവിരിച്ചിരുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ഇവര്‍ ദുബായില്‍ എത്തിച്ചിരുന്നത്. എന്നാല്‍ വിദേശ മണ്ണില്‍ എത്തുന്നതോടെ കളിമാറും. വിമാനത്താവളത്തില്‍ വെച്ചുതന്നെ യുവതികളുടെ മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സിന്ധുവും സംഘവും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവെക്കും.
തുടര്‍ന്ന് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രഹസ്യ ഫ്‌ലാറ്റുകളിലേക്ക് മാറ്റുന്ന യുവതികള്‍ക്ക് മാരക മയക്കുമരുന്നുകള്‍ നല്‍കി അബോധാവസ്ഥയിലാക്കുകയാണ് ഇവരുടെ ആദ്യ രീതി. ഈ അവസ്ഥയില്‍ യുവതികളുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് ഇവരെ ക്രൂരമായ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നത്. വിസ കാലാവധി തീരുന്നതിന് മുന്‍പുള്ള 57 ദിവസത്തോളം അതിക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷം ഇവരെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു പതിവ്.
യുവതികളെ ദുബായില്‍ എത്തിച്ചാലുടന്‍ ഇവരുടെ ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി വിദേശത്തുള്ള വന്‍കിട ഇടപാടുകാര്‍ക്ക് കൈമാറിയാണ് അലീനയും മഞ്ജിമയും ‘ഡീല്‍’ ഉറപ്പിച്ചിരുന്നത്. ഇതിനുപുറമേ, ഇടപാടുകാര്‍ എത്തുന്ന ഫ്‌ലാറ്റുകളില്‍ അതീവ രഹസ്യമായി ഒളിക്യാമറകള്‍ സ്ഥാപിച്ച് പീഡന ദൃശ്യങ്ങള്‍ വീണ്ടും റെക്കോര്‍ഡ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുടെ ഒരൊറ്റ ലൈംഗിക ഇടപാടിലൂടെ മാത്രം ഏകദേശം 25,000 രൂപയാണ് ഈ സംഘം ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് മുഖ്യപ്രതിയായ സിന്ധുവിന്റെയും ഏജന്റുമാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയിരുന്നത്.
അതേസമയം, ഈ കേസിന്റെ അന്വേഷണം കേരളത്തിലെ സിനിമ-സീരിയല്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചതോടെ മലയാള സിനിമാ ലോകം കടുത്ത ആശങ്കയിലാണ്. മുഖ്യസൂത്രധാരിയായ സിന്ധു ദുബായില്‍ നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവുമായി മലയാള സിനിമയിലെയും സീരിയല്‍ രംഗത്തെയും ചില പ്രമുഖ താരങ്ങള്‍ക്ക് അടുത്ത ബന്ധവും വലിയ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിന്ധുവിന്റെ നേതൃത്വത്തില്‍ വിദേശത്ത് നടന്നിട്ടുള്ള പല പ്രമുഖ സ്റ്റേജ് ഷോകളിലും പാര്‍ട്ടി പരിപാടികളിലും ഈ താരങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു.
സിനിമയിലെയും സീരിയലുകളിലെയും ചില ചെറുകിട നടിമാരെയും മോഡലുകളെയും സിന്ധുവിന് പരിചയപ്പെടുത്തി നല്‍കിയതും, ദുബായിലേക്ക് വിമാന ടിക്കറ്റ് എടുത്തു നല്‍കിയതും ഈ മേഖലയിലെ ചില പ്രമുഖര്‍ തന്നെയാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിനിമാ-സീരിയല്‍ രംഗത്തുള്ളവരിലേക്ക് അന്വേഷണ പരിധി നീളുന്നത്. നിലവില്‍ ഈ കേസിലെ മറ്റ് രണ്ട് പ്രധാന പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്.
ഇവരെ അടിയന്തരമായി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനായി കൊച്ചി സിറ്റി പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളുടെ ഫോണ്‍ രേഖകളുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതോടെ കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന അറസ്റ്റുകള്‍ ഉണ്ടായേക്കും.
A major international sex trafficking racket has been busted for allegedly luring young women from Kerala to Dubai under the guise of modeling contracts and high-paying jobs. The mastermind, Sindhu from Perumbavoor, along with key agents Aleena and Manjima, was arrested for exploiting the victims in luxury apartments after confiscating their passports. The police have expanded their investigation into the Malayalam film and television industry, as several politicians and Mollywood celebrities are suspected to be clients.


