ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി ‘വെയ്ഡ് മോഡ്’ പരീക്ഷണം: വാഹനം മുങ്ങി, ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്

ടെസ്‌ല സൈബർട്രക്കിന്റെ വാട്ടർ ടെസ്റ്റ് പാളി; വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിൽ

അമേരിക്കയിലെ ടെക്സാസിൽ, ടെസ്‌ല സൈബർട്രക്കിന്റെ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കാൻ വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിലായി. ടെക്സാസിലെ ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് ഈ സംഭവം. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന ഡ്രൈവറാണ് വാഹനം തടാകത്തിലിറക്കിയതിന്റെ പേരിൽ പോലീസിന്റെ പിടിയിലായത്.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കാറ്റീസ് വുഡ്സ് ബോട്ട് റാമ്പിന് സമീപമാണ് ഈ സംഭവം ഉണ്ടായത്. തടാകത്തിൽ വാഹനം മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുകയായിരുന്നു. വാഹനം തകരാറിലാകുകയും ഉള്ളിൽ വെള്ളം കയറുകയും ചെയ്തതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനം ഉപേക്ഷിച്ചുപോയിരുന്നു. തുടർന്ന് ഗ്രേപ്പ്‌വൈൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീമും മറ്റ് അധികൃതരും ചേർന്ന് റെക്കർ (wrecker) ഉപയോഗിച്ചാണ് വെള്ളത്തിൽ മുങ്ങിയ സൈബർട്രക്ക് കരയ്ക്ക് കയറ്റിയത്.

ടെസ്‌ല സൈബർട്രക്കുകളിലുള്ള പ്രത്യേക ഓഫ്-റോഡ് ഫീച്ചറായ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് താൻ വാഹനം തടാകത്തിലേക്ക് ഇറക്കിയതെന്ന് ഡ്രൈവർ ജിമ്മി ജാക്ക് മക്ഡാനിയൽ പോലീസിനോട് പറഞ്ഞു. ആഴം കുറഞ്ഞ വെള്ളത്തിലൂടെ പതുക്കെ സഞ്ചരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മോഡ് എന്നാണ് ടെസ്‌ല പറയുന്നത്. ഈ മോഡ് ഓണാക്കുമ്പോൾ സുരക്ഷയ്ക്കായി വാഹനത്തിന്റെ സസ്പെൻഷൻ ഉയരും. എന്നാൽ, ആഴമുള്ളതോ വേഗത്തിൽ ഒഴുകുന്നതോ ആയ വെള്ളത്തിൽ വാഹനം ഇറക്കരുതെന്നും ഇത് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്നും ടെസ്‌ലയുടെ ഓണേഴ്സ് മാനുവൽ കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനുമുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഉൾപ്പെടെ താൻ ഈ വാഹനം വെള്ളത്തിൽ ഓടിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറായ മക്ഡാനിയൽ വ്യക്തമാക്കുന്നത്.

അനുമതിയില്ലാത്ത തടാകത്തിൽ വാഹനം ഓടിച്ചു, ബോട്ട് രജിസ്ട്രേഷൻ ഇല്ലാതെ തടാകത്തിൽ വാഹനം ഇറക്കി, കൂടാതെ വെള്ളത്തിലെ സുരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നീ കുറ്റങ്ങളാണ് ഡ്രൈവറുടെ പേരിൽ ചുമത്തിയത്. ഇയാളെ ഗ്രേപ്പ്‌വൈൻ ജയിലിൽ അടച്ചു. വാഹനം വെള്ളത്തിൽ ഇറക്കാൻ സാങ്കേതികമായി സാധിക്കുമെങ്കിലും, ഇത്തരം പ്രവൃത്തികൾ ടെക്സാസ് നിയമപ്രകാരം നിയമ, സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

A Tesla Cybertruck owner was arrested in Texas after driving his vehicle into Lake Grapevine to test its built-in ‘Wade Mode’ feature. The driver, Jimmy Jack McDaniel, and other passengers abandoned the vehicle near Katie’s Woods Boat Ramp after it malfunctioned and began filling with water. Emergency rescue teams later towed the submerged electric truck ashore, while police reminded EV owners that the feature is only meant for shallow waters.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News