കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കും. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്.
ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായാണ് ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കുന്നത്.
മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്റര്‍ലോക്ക് ചെയ്യും. ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യാഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചര്‍ച്ച നടത്തിയിരുന്നു.
കോഴിക്കോട് ഭാഗത്തു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്ന് പട്ടര്‍നടക്കാവ് – തിരുനാവായ- ബിപി അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയില്‍ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി – ചമ്രവട്ടം വഴിയും പോകണം.