കോട്ടയം: യഥാര്‍ത്ഥ ജീവിതത്തിലെന്നപോലെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷമാണ് കടുവ തീയറ്ററില്‍ എത്തുന്നത്. പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ ജോസ് കുറുവച്ചന്റെ കഥയാണ് കടുവയില്‍ കാണിക്കുന്നത്. എന്നാല്‍ കഥ തനിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കുറുവച്ചന്‍ കേസ് കൊടുത്തതിനെത്തുടര്‍ന്ന് കടുവ കോടതി കയറിയിരുന്നു. ഇപ്പോഴിതാ കുറുവച്ചന്‍ കടുവ കാണാന്‍ തിയറ്ററിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കടുവ കണ്ടശേഷമുള്ള അഭിപ്രായം കുറുവച്ചന്‍ പങ്കുവെച്ചതിങ്ങനെ
ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാല്‍ പാലാ അച്ചായന്‍ ആകില്ല. ഒന്നാമതായി സിനിമയില്‍ പറയുന്നത് പാലാ ഭാഷയല്ല. എന്നതാടാ എന്ന് ഇവിടെയാരും പറയാറില്ല. എന്നാടാ എന്നാണ് ചോദിക്കുന്നത്. പിന്നെ ഒരു പാലാ അച്ചായന്‍ എന്ന് പറയുമ്പോള്‍ അല്‍പ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായന്‍ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തില്‍ നിന്നെടുത്ത സിനിമയാണ് കടുവ, അപ്പോള്‍ ഞാനുമായിട്ട് അല്‍പ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കില്‍ നന്നായിരുന്നേനേം. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.
കഥയില്‍ പലതും അനാവശ്യക്കൂട്ടിച്ചേര്‍ക്കലുകളുണ്ട്. ഞാനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല. സിനിമയാകുമ്പോള്‍ ഭാവനയുണ്ടാകും, പക്ഷെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് പോലെ ചെയ്യാന്‍ പാടില്ലായിരുന്നു.ഞാനുമായി വളരെ നാളത്തെ അടുപ്പമുള്ള വ്യക്തിയാണ് സിനിമ എടുക്കുമ്പോള്‍ ഒന്ന് ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യാമായിരുന്നു. രണ്‍ജിപണിക്കര്‍ 75ശതമാനം എഴുതിയ തിരക്കഥയാണ്. അദ്ദേഹത്തിനോടെങ്കിലും നീതി പുലര്‍ത്താമായിരുന്നു.- കുറുവച്ചന്‍ പറഞ്ഞു.
23 വര്‍ഷം മുന്‍പ് രണ്‍ജിപണിക്കര്‍ എന്റെ കുടുംബവുമായി അടുപ്പമുള്ള ബിജുവിന്റെ വീട്ടിലെത്തി. അതിനുശേഷം ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷാജി കൈലാസുമൊത്ത് രണ്‍ജി എന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് അവരോട് ഞാന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചും അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചു. കോടതിയില്‍ കേസ് നടക്കുന്ന സമയമാണ്. ഇതൊക്കെ കേട്ടപ്പോള്‍ രണ്‍ജിപണിക്കരാണ് ഷാജി കൈലാസിനോട് ഇത് നമുക്ക് സിനിമയാക്കിയാലോ എന്ന് പറഞ്ഞത്. രണ്‍ജി എന്റെ നാട്ടുകാരന്‍ കൂടിയായതുകൊണ്ട് ഞാനും സമ്മതിച്ചു. കോടതി വിധിയൊന്നും അന്ന് വന്നിരുന്നില്ല. എങ്കിലും എനിക്കുറപ്പായിരുന്നു വിജയം എനിക്കൊപ്പമായിരിക്കുമെന്ന്. അതുകൊണ്ട് ആ രീതിയില്‍ തന്നെ കഥയെഴുതിക്കോളൂ. വിധിയൊക്കെ വന്നശേഷം സിനിമായാക്കാമെന്ന് രണ്‍ജിപണിക്കരോട് വാക്കാല്‍ പറഞ്ഞിരുന്നു.
ഉയര്‍ന്ന ചില പൊലീസുകാരുമായി നാട്ടിലെ ചില തര്‍ക്കത്തിന്റെ പേരില്‍ തുടങ്ങിയ കേസുകളാണ്. അത് പിന്നീട് വൈരാഗ്യമായി വളര്‍ന്നു. കേസും കേസിന്റെ മേല്‍ കേസുകളുമായി. ഒടുവില്‍ എല്ലാ കേസിലും ഞാന്‍ തന്നെ വിജയിച്ചു. എനിക്കാരെയും പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ ആരുടെയും കട്ടും മോഷ്ടിച്ചുമല്ല ജീവിക്കുന്നത്. തെറ്റായ രീതിയില്‍ യാതൊന്നും ചെയ്യാറുമില്ല. ന്യായമായ രീതിയില്‍ ഞാന്‍ സമ്പാദിച്ചതില്‍ നിന്നാണ് നാട്ടുകാര്‍ക്കും സ്‌കൂളുകള്‍ക്കുമടക്കം സഹായം ചെയ്യുന്നത്. അതല്ലാതെ കള്ളും കഞ്ചാവും വിറ്റിട്ടല്ല. നിര്‍ധനരായ പെണ്‍കുട്ടികളും വിവാഹം നടത്താനും വിദ്യാഭ്യാസം നല്‍കാനുമൊക്കെ നേരായ രീതിയിലുള്ള കാശാണ് ഉപയോഗിച്ചിട്ടുള്ളത്. എനിക്ക് വ്യക്തിപരമായി അറിയാവുന്നവര്‍ക്കാണ് സഹായങ്ങള്‍ ചെയ്യുന്നത്. എന്റെ മകളുടെ കല്യാണം നടത്തിയത് പോലും അയല്‍വാസികളായ നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവച്ചുകൊടുക്കകുയും രണ്ട് പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയും ചെയ്ത ശേഷമാണ്.
‘നീതിയ്ക്ക് വേണ്ടി പോരാടുന്നവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ക്കുള്ളതാകുന്നു സ്വര്‍ഗരാജ്യം’- മത്തായിയുടെ ഈ സുവിശേഷം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അതല്ലാതെ പള്ളിയേയോ പ്രമാണിമാരെയോ പോലും എനിക്ക് പേടിയില്ല. ഞാന്‍ പള്ളിക്കമ്മിറ്റിയില്‍ ട്രഷറായിരുന്ന കാലത്ത് പള്ളിക്ക് ഒരു കുടുംബം സംഭാവന നല്‍കിയ പിയാനോ (ഓര്‍ഗന്‍) പള്ളിയിലെ വികാരിയച്ചന്‍ മോഷ്ടിച്ചു. ഇതിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്തുകയും കേസിന് പോകുകയും ചെയ്തു.
ഇതേ തുടര്‍ന്ന് മെത്രാന്റെ അടുത്തേക്ക് എന്നെ വിളിപ്പിച്ചിട്ടുണ്ട്. പള്ളിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം വരെ അന്നവര്‍ എടുത്തിട്ടുണ്ട്. അരമനകോടതിയില്‍ നിന്നും പള്ളിയിലെ ഔദ്യോഗിക പദവികള്‍ വഹിക്കാന്‍ അനുവാദമില്ലെന്ന് കത്ത് തന്നു. അതിന് മറുപടിയായി സന്തോഷം എന്നു പറഞ്ഞാണ് ഇറങ്ങിപ്പോയത്. എന്നോട് പള്ളിക്കും പൊലീസിനുമൊക്കെ വൈരാഗ്യം തോന്നാനുള്ള കാരണങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്.
പൊലീസുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ കുറച്ചുകാലം എനിക്ക് ഒളിവിലൊക്കെ കഴിയേണ്ടി വന്നിട്ടുണ്ട്. ആ കാലത്ത് എന്റെ വീട്ടില്‍ കൂട്ടുകിടന്ന ഒരു സ്ത്രീ മരിച്ചപ്പോള്‍ പള്ളി അവരെ അടക്കില്ലെന്ന് പറഞ്ഞു. അവര്‍ പണ്ട് ഒരു കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ടെന്നാണ് കാരണം പറഞ്ഞത്. അന്ന് പള്ളിയിലച്ചന്റെ സ്ഥാനത്ത് നിന്ന് മണിയൊക്കെ കിലുക്കി ഒപ്പീസ് ചൊല്ലി കുഴിവെട്ടി അവരെ അടക്കം ചെയ്തത് ഞാനും സുഹൃത്തുക്കളും കൂടിയാണ്. പണ്ടത്തെ പോലെ തന്നെ ഇന്നും ആരെയും ഞാന്‍ കൂസാറില്ല.
പൊലീസുമായി ഉടക്കി കഴിഞ്ഞാലുള്ള അവസ്ഥ ഊഹിക്കാമല്ലോ. മാനസികമായി ഏതൊക്കെ രീതിയില്‍ വേണമെങ്കിലും അവര്‍ പീഡിപ്പിക്കും. ഞാന്‍ അത്തരം ഒരുപാട് പീഡനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. എന്റെ വീടിന്റെ വഴിനീളെ പൊലീസ് സംഘം അണിനിരന്ന കാലമുണ്ടായിരുന്നു. കേസുകളെത്തുടര്‍ന്ന് കുറച്ചുകാലം എനിക്ക് തമിഴ്‌നാട്ടിലൊക്കെ ഒളിവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നെ നേരിട്ട് അവര്‍ കൈവെയ്ക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.
പക്ഷെ എന്റെ അളിയനെ ഉപദ്രവിച്ചിട്ടുണ്ട്. അന്ന് എന്റെ ഒപ്പം നിന്നത് കൂട്ടുകാരാണ്. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എന്നെ തൊട്ടിട്ടില്ല. രാത്രി ഒന്നരയ്‌ക്കൊക്കെ വീട്ടില്‍ വന്ന് വിളിച്ചിറക്കി കൊണ്ടുപോയിട്ടുണ്ട്. എന്റെ വണ്ടികള്‍ വരെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്ന് എന്റെ കൂട്ടുകാരാണ് വണ്ടി തന്ന് സഹായിച്ചത്. നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് സ്റ്റേഷനില്‍ കയറാന്‍ മടിയുമില്ലായിരുന്നു. എന്ത് വന്നാലും പിന്‍മാറില്ലെന്ന് ഉറച്ചുതന്നെയാണ് പോരാട്ടം തുടങ്ങിയത്. എനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ച സമയത്ത് കോടതിയാണ് പൊലീസ് പ്രൊട്ടക്ഷന് പകരം പ്രൊട്ടക്ഷന്‍ ഫ്രം പൊലീസ് എന്ന് പറഞ്ഞത്. പൊലീസിനെക്കൊണ്ട് എന്തെങ്കിലും ശല്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് കോടതി തന്നെ പറഞ്ഞു.
ലൈസന്‍സുള്ള തോക്കാണ് ഉപയോഗിക്കുന്നത്. ഓയിലൊക്കെയിട്ട് ഭംഗിയായിട്ടാണ് സൂക്ഷിക്കുന്നത്. തോക്ക് നന്നായി സൂക്ഷിക്കുന്നതിന് പൊലീസ് അഭിനന്ദിച്ചിട്ടുണ്ട്. 86 മോഡലാണ് എന്റെ ബെന്‍സ്. ലണ്ടനില്‍ നിന്ന് ഇറക്കുമതിയാണ്. 123 മോഡലാണ്. 1984ലാണ് അംബാസിഡര്‍ സ്വന്തമാക്കുന്നത്. എന്‍ഡീവറുള്ളത് തമിഴ്‌നാട്ടില്‍ ഹൈറേജില്‍ പോകുമ്പോള്‍ ഉപയോഗിക്കുന്നതായിരുന്നു. ഏത് കാട്ടില്‍ക്കൂടെയും കയറിപ്പൊയ്‌ക്കോളും. ഇതോടൊപ്പം ഫ്രണ്ട് ഗിയറുള്ള മഹീന്ദ്ര ജീപ്പുമുണ്ട്.