കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടത്ത് മോഷണം നടത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമായ കുറുവയിലെ അംഗങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാത്രി വീടാക്രമിച്ച് മോഷണം നടത്തുന്ന കുറുവ സംഘത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യഘട്ടത്തില്‍ വിവരം അറിയിച്ചാന്‍ ഉടന്‍ സേവനം കിട്ടുമെന്നും പൊലീസ് അറിയിച്ചു. എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈയിടെ നടന്ന രണ്ട് മോഷണങ്ങളാണ് കുറുവ സംഘം നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.
പാലക്കാട് നെന്‍മാറയില്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായതോടെയാണ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ അന്നശേരിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു എലത്തൂര്‍ മേഖലയിലെ മോഷണങ്ങള്‍. നെന്‍മാറ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സംഘത്തെ കോഴിക്കോട് എത്തിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.
കുറുവ സംഘത്തിന്‍റെ മോഷണ രീതിയെ കുറിച്ച് ആശങ്കകള്‍ പലരും വെച്ച് പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ ഭയപ്പടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് വിശദീകരണം. മോഷണ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളില്‍ നിരീഷണ ക്യാമറകളും സ്ഥാപിച്ചു. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരുടെ ഫോട്ടോകള്‍ വേണ്ടി വന്നാല്‍ എടുത്ത് സൂക്ഷിക്കും.
വീഡിയോകളും നിരീഷിക്കും. ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ പട്രോളിങ്ങിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണവും പൊലീസ് ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.