‘മോദി സ്‌കൂളില്‍ പോയിട്ടില്ല, നിരക്ഷരനുമാണ്’: വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ചും ട്വീറ്റ് പിന്‍വലിച്ചും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നടപടിയാണ് വിവാദമായത്.

കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു, എന്നാല്‍ മോദി ഒരിക്കലും സ്‌കൂളില് പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നുവെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നത്.

മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കൂതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു ട്വീറ്റ്. അതേസമയം, ഇതിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു. മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News