മുംബൈ: ഒറ്റരാത്രി കൊണ്ട് ഇന്ത്യ മുഴുവൻ സെൻസേഷലായി മാറിയ പെൺകുട്ടിയാണ് മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മോനി ഭോസ്ലെ എന്ന മൊണാലിസ. പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയിൽ മാല വിൽക്കാനെത്തിയതാണ് മോനി ഭോസ്ലെയുടെ ജീവിതം മാറ്റിമറിച്ചത്. ചാരക്കണ്ണുകളും വശ്യമായ പുഞ്ചിരിയും കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ മോനി ഭോസ്ലെ പിന്നീട് മൊണാലിസ എന്നാണ് അറിയപ്പെട്ടത്.
ഒരു വ്ലോഗർ പകർത്തിയ മോനി ഭോസ്ലെയുടെ വിഡിയോ സോഷ്യൽ വീഡിയോയിൽ വൈറലായി, ഇതിന് പിന്നാലെ സിനിമയിൽ അഭിനയിക്കാനുള്ള അവസരവും മൊണാലിസയെ തേടിയെത്തി. കേരളത്തിൽ ബോബി ചെമ്മണ്ണൂർ ജുവലറിയുടെ ഉദ്ഘാടനത്തിനും വൈറൽ ഗേൾ എത്തിയിരുന്നു.
ഇപ്പോഴിതാ മൊണാലിസയുടെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വമ്പൻ മേക്കോവറിലാണ് താരം എത്തുന്നത് മേക്കപ്പ് ആർട്ടിസ്റ്റ് മൊഹ്‌സിന അൻസാരിയാണ് ഇൻസ്റ്റഗ്രാമിൽ മൊണാലിസയുടെ മേക്ക്ഓവർ വീഡിയോ പങ്കുവച്ചത്. വധുവിന്റെ വേഷത്തിൽ ചുവന്ന ലെഹങ്കയും സ്വർണാഭരണങ്ങളും ധരിച്ചു നിൽക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൊണാലിസയാണ് ഇതെന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

