സിനിമകളിലും കൈവെച്ച് ട്രംപ്‌; അമേരിക്കയ്‌ക്ക് പുറത്ത് ചിത്രീകരിച്ച സിനിമകള്‍ക്ക്‌ 100 ശതമാനം നികുതി കൂട്ടി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ സിനിമാ ലോകം വളരെവേഗം മരിക്കുകയാണെന്നും സിനിമാ ചിത്രീകരണം അമേരിക്കൻ മണ്ണിൽ തന്നെ വേണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്‌ക്ക് പുറത്ത് ചിത്രീകരിച്ച ചിത്രങ്ങൾക്ക് ഇനിമുതൽ 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കൊമേഴ്‌സ് ആന്റ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിനോട് ഇക്കാര്യം ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കൻ ചലച്ചിത്ര സ്റ്റുഡിയോകളെയും പ്രവ‌ർത്തകരെയും തങ്ങളുടെ നാട്ടിലേക്ക് ആകർഷിക്കാൻ സാമ്പത്തിക വാഗ്‌ദാനങ്ങൾ ചെയ്യുന്ന മറ്റ് രാജ്യങ്ങളെ ട്രംപ് വിമർശിച്ചു. ഇത് ദേശീയ, സാമ്പത്തിക സുരക്ഷകൾക്ക് ഭീഷണിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.മറ്റ് രാജ്യങ്ങൾ നടത്തുന്ന സംഘടിത ശ്രമമാണിതെന്നും അതിനാൽ ദേശീയ സുരക്ഷ ഭീഷണിയിലായെന്നുമാണ് ട്രംപിന്റെ വിചിത്രമായ വാദം. ‘അമേരിക്കയിൽ തന്നെ ചിത്രീകരിച്ച സിനിമകൾ നമുക്ക് വേണം.’ ട്രംപ് വ്യക്തമാക്കി.

ചൈന അമേരിക്കയിൽ നിന്നുമുള്ള ഹോളിവുഡ് ചിത്രങ്ങൾക്ക് നികുതിയേർപ്പെടുത്താൻ തീരുമാനിച്ച് മാസങ്ങൾക്കകമാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കൻ ചിത്രങ്ങളുടെ ലോകത്തിലെ രണ്ടാമത് വലിയ മാർക്കറ്റ് നിലവിൽ ചൈനയാണ്. ട്രംപിന്റെ തീരുമാനം വാർണർ ബ്രദേഴ്‌സ്, ഡിസ്നി, പാരമൗണ്ട് പോലെയുള്ള വമ്പൻ സ്റ്റുഡിയോകൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉണ്ട്. നികുതിയിളവടക്കം ലാഭത്തിനായി ഈ സ്റ്റുഡിയോകൾ വിദേശരാജ്യങ്ങളിൽ ചലച്ചിത്ര നി‌ർമ്മാണം പതിവുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News