മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ.ടി ജലീല്‍. കള്ളപ്പണം വെളിപ്പിച്ച കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവരുമെന്നും അതോടെ അദ്ദേഹത്തിനു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും ജലീല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും. ഇഡി അന്വഷണവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബത്തിലെ പലരോടും കുഞ്ഞാലിക്കുട്ടി ടെലിഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം പുറത്തുവരും. അതോടെ അദ്ദേഹത്തിനു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരും. സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ നല്ലത്. കാത്തിരുന്നു കാണാമെന്ന് ജലീല്‍ പറഞ്ഞു.
മുഈന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജലീലിന്റെ വെല്ലുവിളി. വൈകീട്ട് മൂന്നു മണിയ്ക്ക് മലപ്പുറത്ത് ലീഗ് ഹൗസിലാണ് യോഗം. മുഈന്‍ അലിക്കെതിരായ അച്ചടക്ക നടപടി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച മുഈന്‍ അലിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരുടെ വാദം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുക, സസ്പെന്‍ഷന്‍ തുടങ്ങിയ നടപടികളാണ് പരിഗണിക്കുന്നത്. പാണക്കാട് കുടുംബാംഗത്തിനെതിരായ നടപടി തിരിച്ചടിയാവുമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇത് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധം നല്‍കലാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചികിത്സയിലുള്ള ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.
അതിനിടെ മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്ത് പുറത്ത് വന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ച്ച് മാസത്തില്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലി തങ്ങള്‍ കത്ത് നല്‍കിയിരുന്നു. മുഈനന്‍ അലിയെ ചുമതലപ്പെടുത്തിയെന്നത് ശരിയാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സമ്മതിച്ചു.
മാര്‍ച്ച് അഞ്ചിനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇതിനായി മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത്. ചന്ദ്രിക മാനേജ്മെന്റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനികം ബാധ്യതകള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ഇതിന്റെ കാലാവധി കഴിഞ്ഞതായും സലാം പറഞ്ഞു. കുറച്ചുകാലമായി പാണക്കാട് നിന്ന് രസീത് ഒന്നും വാങ്ങാത്തതിനാല്‍ ചിലര്‍ക്ക് ഈ കത്തിന്റെ ഉള്ളടക്കം മനസ്സിലാകാത്തതിന് തങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും പിഎംഎ സലാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.