കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സി.പി.ഐ.എം. കെ.ടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്.

ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു. കീഴ്ക്കോടതി ഉത്തരവില്‍ കെ.ടി ജലീല്‍ രാജിവയ്ക്കേണ്ടെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. ‘കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച ചരിത്രം മുന്‍പും ഇല്ല’ എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.

ലോകായുക്ത വിധിയെ നിയമപരമായി സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബന്ധു നിയമനക്കേസില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരിന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍ നടപടിയെടുക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചിരിന്നു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News