നാളെ കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങളെ ഡൽഹി പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ കെഎസ്‍യു ആഹ്വാനം ചെയ്തു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വാർത്താക്കുറിപ്പിലൂടെ ബന്ദ് പ്രഖ്യാപിച്ചത്. നാളെ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസ്സുകൾ ബഹിഷ്കരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങുമെന്നും കെഎസ്‍യു അറിയിച്ചു.

കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് ക്രൂരമായി കൈയേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത അടിയന്തര വാർത്താ സമ്മേളനത്തിൽ കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ ഗാന്ധി എത്തിയത്. തിങ്കളാഴ്ച സിജെപി മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ച ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച അദ്ദേഹം, ലോകപ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും അഴിമതി നിറഞ്ഞതായി മാറിയെന്ന് കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് നീറ്റ് ഉൾപ്പെടെ 152 പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയതെന്നും രാഹുൽ ഗാന്ധി കണക്കുകൾ നിരത്തി വ്യക്തമാക്കി. ഇത്രയധികം ക്രമക്കേടുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരീക്ഷാ നടത്തിപ്പിനായി വകയിരുത്തുന്ന ബജറ്റ് തുകയിൽ വലിയ കൊള്ളയാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ഒരു വലിയ മാഫിയ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, വിദ്യാർഥികളെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി, രാജ്യത്തെ യുവതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യമായ മാപ്പുപറച്ചിൽ എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. ലോക്സഭ സ്പീക്കറെ കണ്ട് വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനാലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി പോയത്. ചർച്ചയിൽ നിന്ന് പ്രതിപക്ഷം പിന്മാറിയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ വാദങ്ങൾ തള്ളിയ രാഹുൽ, അദ്ദേഹം ഈ വിഷയത്തിൽ തികച്ചും അപ്രസക്തനാണെന്ന് പരിഹസിച്ചു.

പോലീസിന്റെയും ഭരണകൂടത്തിന്റെയും ഉപദ്രവങ്ങൾ തനിക്ക് പുതിയതല്ലെന്നും തനിക്കെതിരെ നടക്കുന്ന സർക്കാർ വിമർശനങ്ങളെ ഗൗനിക്കുന്നേയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇപ്പോൾ തന്റെ സുരക്ഷയല്ല, മറിച്ച് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും അവരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് നാളെ കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നത്.

English Summary

The Kerala Students Union (KSU) has called for a statewide educational strike (shikshabandh) tomorrow (July 23, 2026), to protest against the alleged manhandling of Leader of the Opposition Rahul Gandhi and other MPs by the Delhi Police during a protest near the PM’s residence. KSU State President Aloysius Xavier urged students to boycott classes and burn effigies of PM Narendra Modi across all campuses. Meanwhile, Rahul Gandhi addressed a press conference wearing a black armband, displaying footage of Delhi Police’s brutality against CJP student protestors. Gandhi alleged that 152 paper leaks in the past decade have ruined the futures of 7.5 crore students, reiterating his three core demands: the resignation of Education Minister Dharmendra Pradhan, an apology from PM Modi, and strict action against the guilty police officers.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News