CrimeKeralaNews

KSRTC സൂപ്പർ ഡീലക്സിലെ പീഡന പരാതി, ആരോപണം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവർ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്. പരാതിയിൽ പുലർച്ചെ മൂന്ന് മണിക്കാണ് കൃഷ്ണഗിരിയിൽ ബസ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ആറരക്കാണ് ബസ് അവിടെ എത്തിയത്. സ്വകാര്യ ബസ് ലോബിയും രാഷ്ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാൻ ആരോപിക്കുന്നു.

ബസ് ഡ്രൈവർ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെൺകുട്ടിയാണ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.

പരാതിപ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പിജി വിദ്യാർത്ഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെ എസ്ആർടിസി. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ നേരിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button