തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത് . പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്-ഐഎന്‍ടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്.
തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. അതേസമയം, ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമായിരിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വേതനം നവംബറിലെ ശമ്പളത്തില്‍ നിന്ന് ഈടാക്കും. മെഡിക്കല്‍ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സിഎംഡി വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയമായിരുന്നു. സര്‍ക്കാര്‍ അനുകൂല യൂണിയനുകളിലെ ജീവനക്കാര്‍ ജോലിക്കെത്തിയേക്കുമെന്നാണു സൂചന. ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്