ഐഎസ്എല്‍: ബംഗലൂരുവിന് വീണ്ടും സമനില,ജംഷഡ്പൂര്‍ ഒന്നാമത്

ജംഷഡ്പൂര്‍: ഐ.എസ്.എൽ ഫുട്ബേബോളിൽ ബെംഗളൂരു എഫ്‌സിയ്ക്ക് വീണ്ടും സമനില . ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ജംഷഡ്പൂര്‍ എഫ്‌സി – ബെംഗളൂരൂ എഫ്‌സി മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍. ആക്രമണ പ്രത്യാക്രമണങ്ങള്‍ നന്നെ കുറഞ്ഞ മത്സരത്തില്‍ ജയിക്കാനുള്ള വാശി ജംഷഡ്പൂരോ ബെംഗളൂരുവോ പുറത്തെടുത്തില്ല. ആദ്യ പകുതിയില്‍ ആതിഥേയരായ ജെംഷഡ്പൂരാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ജംഷ്ഡപൂരിന്റെ 4-4-2 ഘടന ഫറൂഖിന്റെയും കാസ്റ്റെലിന്റെയും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേകി. ആദ്യ മിനിറ്റുകളില്‍ത്തന്നെ ബെംഗളൂരു പ്രതിരോധത്തെ മുറിച്ചുകടക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബെംഗളൂരു ഇന്നിറങ്ങിയത്.

ഏഴാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആദ്യ ഷോട്ടുതിര്‍ത്തു. എന്നാല്‍ സുബ്രതോ പോളിനെ മറികടക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല ഈ നീക്കം. 12 ആം മിനിറ്റില്‍ റാഫേല്‍ ആഗസ്‌റ്റോയ്ക്കും കിട്ടി സുവര്‍ണാവസരം. പക്ഷെ പന്തിനെ കൃത്യമായി ഹെഡ് ചെയ്യാന്‍ താരത്തിനായില്ല. 20 ആം മിനിറ്റിലാണ് ജംഷഡ്പൂരിനെ ഭീതിയിലാക്കിയ ബെംഗളൂരുവിന്റെ മൂന്നാമത്തെ മുന്നേറ്റം. ജുവാനന്റെ കോര്‍ണര്‍ കിക്കിന് മനോഹരമായി ഖാബ്ര തലവെച്ചെങ്കിലും സുബ്രതോ പോളിന് ജംഷഡ്പൂരിനെ തലനാരിഴയ്ക്ക് രക്ഷിച്ചു. ശേഷം വിരസമായ ആദ്യ പകുതിയിലേക്കാണ് ഇരു ടീമുകളും മത്സരത്തെ നയിച്ചത്. അലക്ഷ്യമായ ഷോട്ടുകളും മന്ദം മന്ദം നീങ്ങിയ പാസുകളും ആദ്യ പകുതിയില്‍ രസംകൊല്ലിയായി.

രണ്ടാം പകുതിയിലാണ് ഭേദപ്പെട്ട നീക്കങ്ങള്‍ വീണ്ടും കണ്ടത്. 50 ആം മിനിറ്റില്‍ ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ഗോള്‍ ശ്രമം ബെംഗളൂരുവിന്റെ ഓണ്‍വു നടത്തി. ആഷിഖ് നീട്ടി നല്‍കിയ പന്ത് കൃത്യമായ തൊടുത്തെങ്കിലും സുബ്രതോ പോളിനെ കീഴടക്കാന്‍ മാത്രം നീക്കത്തിന് കഴിഞ്ഞില്ല. 57 ആം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഫറൂഖ് ചൗധരിയുടെ തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്ക് തടുത്ത ഗുര്‍പ്രീത് സിങ് സന്ധുവിനെയും ആരാധകര്‍ ഇന്നു കണ്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group