വാളയാർ പെൺകുട്ടികളുടെ സഹോദരന് വധഭീഷണി
പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരായ വിവാദം കത്തുമ്പോൾ വാളയാറില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായും വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ശ്രമം നടന്നത്. പാലക്കാട് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് കുട്ടി സ്ഥാപനത്തില്‍ പഠിക്കുന്നത്.
സഹോദരന്‍ താമസിക്കുന്ന പാലക്കാട്ടെ സ്ഥാപനത്തിന്റെ മതില്‍ ചാടിക്കടക്കാന്‍ രണ്ടു തവണ അജ്ഞാതരുടെ ശ്രമമുണ്ടായെന്ന് സ്ഥാപന മേധാവി വെളിപ്പെടുത്തി.സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്‌ററര്‍ ചെയ്തില്ല. സഹോദരിമാരുടെ പീഡനം സംബന്ധിച്ച് അറിവുള്ളതിനാല്‍ സഹോദരനും ഭീഷണിയുള്ളതായി സ്ഥാപന മേധാവി അറിയിച്ചു. നാലാം ക്ലാസിലാണ് ഈ കുട്ടി പഠിക്കുന്നത്.