കൊട്ടാരക്കര:പരീക്ഷ എഴുതാന്‍ ബസ് ലഭിയ്ക്കാതെ ബുദ്ധിമുട്ടിയ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥിനിയെ സ്വന്തം ബൈക്കില്‍ 12 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലെത്തിച്ച് പരീക്ഷയെഴുതിച്ച് കെ.എസ്.ആര്‍.ടി കണ്ടക്ടര്‍.കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറായ ഷാജിമോനാണ് ഉചിത സമയത്ത് വിദ്യാര്‍ത്ഥിനിയ്ക്ക് സഹായമായി മാറിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരീക്ഷയ്ക്ക് പോകുന്നതിനായി അമ്മയ്‌ക്കൊപ്പമായിരുന്നു വിദ്യാര്‍ത്ഥി.പരീക്ഷക്കാലമാണെങ്കില്‍ ലോക്ക്ഡൗണ്‍ കാലമായതുകൊണ്ടുതന്നെ ബസുകളുടെ എണ്ണം കുറവായിരുന്നു.എത്തിയ ഒന്നോ രണ്ടോ ബസില്‍ തിരക്കുമൂലം ആളുകള്‍ക്ക് കയറാന്‍ പോലുമാവാത്ത അവസ്ഥ.
കൊട്ടാരക്കര ബസ്റ്റാന്റില്‍ പരീക്ഷ നഷ്ടമാകുമെന്ന ആശങ്കയില്‍ കരച്ചിലിന്റെ വക്കോളമെത്തി നല്‍ക്കുകയായിരുന്നു കുട്ടിയും അമ്മയും.വിവരം തിരക്കിയ ഷാജിമോന്‍ ഉടന്‍ ബൈക്കുമെടുത്ത് വിദ്യാര്‍ത്ഥിനിയെ 12 കിലോമീറ്റര്‍ അകലെയുള്ള തലവൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എത്തിച്ചു.അപ്പോഴേക്കും പരീക്ഷ തുടങ്ങി രണ്ടു മിനിട്ട് പിന്നിട്ടിരുന്നു.അദ്ധ്യാപകരോട് അപേക്ഷിച്ച് കണ്ടക്ടര്‍ കുട്ടിയെ പരീക്ഷാ ഹാളില്‍ കയറ്റുകയും ചെയ്തു.
വിവിധ സന്നദ്ധ സംഘടനകളുമായിസഹകരിച്ച് ,കോവിഡ് 19 പ്രതിരോധ സാമഗ്രികള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടിപ്പിച്ച് ഡിപ്പോയില്‍ എത്തിക്കുകയും യൂണിറ്റ് അധികാരിയെ ഏല്പിക്കുകയും അവ വിതരണം നടത്തുകയും ചെയ്തു വരികയാണ്.പുറമെ തിരക്കേറിയ സമയങ്ങളില്‍ സ്റ്റാന്റില്‍ എത്തി യാത്രക്കാരെ ബസ്സില്‍ കയറ്റി വിടുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ സഹായിക്കുകയും ചെയ്യുക പതിവ് കാഴ്ചയാണ് കൂടാതെ കൊട്ടാരക്കര ഡിപ്പോയിലെ ഇലക്ട്രിക്കല്‍- പ്‌ളംബിംഗ് ജോലികള്‍ മിക്കപ്പോഴും പ്രതിഫലം വാങ്ങാതെ ചെയ്യുന്നതും ഷാജിമോന്‍ തന്നെയാണ്.