നിരവധി യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു; കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു. നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. കണ്ടക്ടറുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത വന്‍ ദുരന്തം. ബസ് പിന്നോട്ട് നീങ്ങുന്നത് കണ്ട കണ്ടക്ടര്‍ ഉടന്‍ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് വന്ന് ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തുകയായിരുന്നു. ഇതോടെ സമീപത്തെ കുഴിയിലേക്ക് മറിയാതെ വന്‍ ദുരന്തമാണ് ഒഴിവാകുകയായിരിന്നു. തേക്കുപാറ-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ വെള്ളറട സ്വദേശി സുനില്‍കുമാറാണ് വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണത്.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അമ്പൂരിയില്‍ നിന്ന് മായത്തേക്കു പോവുകയായിരുന്ന ബസ് അമ്പൂരി പഞ്ചായത്തോഫീസിനു സമീപത്തെ കയറ്റം കയറുമ്പോഴാണ് ഡ്രൈവര്‍ സുനില്‍ കുഴഞ്ഞുവീണത്. നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങിയ ബസ് പുറകിലുണ്ടായിരുന്ന ബൈക്കില്‍ തട്ടി. ബൈക്ക് യാത്രക്കാര്‍ വശത്തേക്കു തെറിച്ചുവീണു. ഇതിനിടെ കുഴഞ്ഞുവീണ ഡ്രൈവറെ മറികടന്ന് കണ്ടക്ടര്‍ ധൈര്യം കൈവിടാതെ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. അല്ലെങ്കില്‍ സമീപത്തെ കുഴിയിലേക്ക് ബസ് മറിയുമായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി ഡ്രൈവറെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബൈക്ക് യാത്രികരെ പാറശ്ശാല ആശുപത്രിയിലും പ്രവേശിപ്പിച്ചു.