തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരെ കെപിസിസി ഭരവാഹികളാക്കില്ലെന്നാണ് തീരുമാനം. എം.പി. വിന്‍സന്റിനും യു. രാജീവനും ഇളവുനല്‍കില്ല. അതേസമയം പത്മജ വേണുഗോപാലിന് മാത്രം ഇളവ് നല്‍കും.
കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാതെ കെ. സുധാകരന്‍ കേരളത്തിലേക്കു മടങ്ങിയതിനു പിന്നില്‍ തൃശൂരിലെ ഒരു നേതാവിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നു സൂചനകളുണ്ടായിരുന്നു. തൃശൂരിലെ ഒരു മുന്‍ ഡിസിസി പ്രസിഡന്റിനെ കെപിസിസി ഭാരവാഹിയാക്കണമെന്നു കെ.സി. വേണുഗോപാല്‍ നിര്‍ബന്ധം പിടിച്ചതോടെയാണു പ്രതിസന്ധിയായത്. ഇതു പറ്റില്ലെന്ന നിലപാടില്‍ സുധാകരന്‍ ഉറച്ചുനിന്നതോടെ പട്ടികയില്‍ ഒപ്പിടേണ്ടെന്നു കെ.സി. വേണുഗോപാല്‍ നിലപാടെടുത്തു. ഇതോടെ താരിഖ് അന്‍വറിനും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
തൃശൂരിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നേതാവിനെ ഉള്‍പ്പെടുത്താതെ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തിറക്കാന്‍ അനുമതി നല്‍കില്ലെന്ന പിടിവാശിയിലായിരുന്നു കെ.സി. വേണുഗോപാല്‍. ഇദ്ദേഹം തൃശൂരിലെ ഡിസിസി പ്രസിഡന്റായതുതന്നെ വേണുഗോപാലിന്റെ ഒത്താശയോടെയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തൃശൂരിലെ മറ്റു മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പിനതീതരായ നേതാക്കളും മുന്‍ പ്രസിഡന്റിനെ കെപിസിസി ഭാരവാഹിയാക്കരുതെന്ന നിലപാടിലാണെന്നു പറയുന്നു. ഇദ്ദേഹത്തിനെതിരേ നിരവധി പരാതികള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ കെപിസിസി ഭാരവാഹിയാക്കാന്‍ സാധിക്കില്ലെന്നു കെ. സുധാകരന്‍ നിലപാടെടുത്തത്. എന്നാല്‍, ആരെതിര്‍ത്താലും അദ്ദേഹത്തെ ഭാരവാഹിയാക്കണമെന്നു വേണുഗോപാല്‍ പറഞ്ഞതോടെയാണു പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാതെ കെ. സുധാകരന്‍ കേരളത്തിലേക്കു മടങ്ങിയത്. പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണു താരിഖ് അന്‍വര്‍ നല്‍കിയ മറുപടി.
ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു വരുമ്പോഴാണു വീണ്ടും കോണ്‍ഗ്രസില്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവരുന്നതിനു മുമ്പുതന്നെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന്റെ തര്‍ക്കം കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഇല്ലാതിരിക്കാന്‍ നേതാക്കളുമായി കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെ.സി. വേണുഗോപാലിന്റെ പിടിവാശി വീണ്ടും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണു നേതൃത്വം.
കെപിസിസി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം താനും ഉമ്മന്‍ ചാണ്ടിയുമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടിക സംബന്ധിച്ച് താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് അറിയില്ല. ഭാരവാഹിപട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കെപിസിസി ഭാരവാഹിപ്പട്ടിക വൈകാന്‍ താന്‍ കാരണക്കാരനാണെന്ന പ്രചാരണം തെറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റു മുതല്‍ 25 വര്‍ഷം ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി ചില പരിചയക്കാര്‍ ഭാരവാഹികളാകുന്നതു സ്വാഭാവികമാണെന്നു വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമാണു കെപിസിസി ഭാരവാഹിപ്പട്ടിക തയാറാക്കുന്നത്. മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതും അവരാണ്. കേരളത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്ന മാനദണ്ഡവും പട്ടികയും ഹൈക്കമാന്‍ഡ് അംഗീകരിക്കുകയാണു ചെയ്യുക- വേണുഗോപാല്‍ വിശദീകരിച്ചു.