കണ്ണൂര്‍: തീവണ്ടിയിലെ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി വ്യാഴാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തിയ അന്വേഷണസംഘം വാഹനത്തിന്റെ ടയര്‍ പഞ്ചറായതിന് പിന്നാലെ വഴിയില്‍ക്കിടന്നത് ഏകദേശം ഒരു മണിക്കൂര്‍. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മമ്മാക്കുന്നില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണറിന്റെ പിറകിലെ ടയര്‍ പഞ്ചറായത്. ടയര്‍ പൊട്ടുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.
ഇതോടെ മറ്റൊരു വാഹനം എത്തിച്ച് അതിലേക്ക് പ്രതിയെ മാറ്റാനും കോഴിക്കോട്ടേക്ക് യാത്ര തുടരാനുമുള്ള നീക്കം അന്വേഷണസംഘം നടത്തി. എന്നാല്‍ അതിനായി എത്തിച്ച സ്വകാര്യവാഹനത്തിനും സാങ്കേതിക തകരാര്‍ നേരിട്ടു. ഇതോടെ ഏകദേശം ഒരുമണിക്കൂറിന് ശേഷം നാലരയോടെ ഒരു വാഗണര്‍ കാര്‍ എത്തിക്കുകയും ഷാരൂഖുമായി അന്വേഷണസംഘം കോഴിക്കോട്ടേക്ക് യാത്ര തുടരുകയുമായിരുന്നു. പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാന്‍ മറ്റ് അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല.
പഞ്ചറായ വാഹനത്തിന്റെ പിന്നിലെ സീറ്റിലായിരുന്നു ഷാരൂഖ് ഉണ്ടായിരുന്നത്. വെള്ളത്തോര്‍ത്തുകൊണ്ട് മുഖംമറച്ച് സീറ്റില്‍ കിടക്കുകയായിരുന്നു. പ്രമാദമായ കേസിലെ പ്രതിയുമായി എത്തിയ വാഹനം ആണെന്ന് അറിഞ്ഞതോടെ ആളുകള്‍ വാഹനത്തിന് ചുറ്റും കൂടിയിരുന്നു. കോഴിക്കോട്ട് എത്തിച്ച ഷാരൂഖിനെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ മഹാരാഷ്ട്ര എ.ടി.എസാണ് ഷാരൂഖിനെ പിടികൂടിയത്.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയപ്പോള്‍ ഇന്നോവാ കാറില്‍നിന്ന് ഫോര്‍ച്യൂണര്‍ കാറിലേക്ക് ഷാരൂഖിനെ മാറ്റിയിരുന്നു. ഈ കാറാണ് കണ്ണൂരില്‍വെച്ച് പഞ്ചറാകുന്നത്. കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥരാണ് പ്രതിയ്ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കായിരുന്നു തീവണ്ടിയില്‍ തീവെപ്പുണ്ടായത്. ആക്രമണം നടത്തിയതിന് പിന്നാലെ ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് പിടികൂടാന്‍ സാധിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു ഇയാളെ മഹാരാഷ്ട്ര എ.ടി.എസ്. അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശിയാണ് ഷാരൂഖ്.
റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. ട്രെയിനില്‍വെച്ച് പ്രതിയെ കണ്ട ദൃക്സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു.