27.5 C
Kottayam
Saturday, April 27, 2024

കേരളത്തിന് മറ്റൊരംഗീകാരം: വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും,അഭിമാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം

Must read

 

 

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ രംഗത്ത് കേരളത്തിന് ലഭിക്കുന്ന മറ്റൊരു അപൂര്‍വ അംഗീകാരം കൂടിയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തിനാണ് വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ അംഗത്വം ലഭിച്ചത്. ഇവിടെ നടപ്പിലാക്കി വരുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, ന്യൂബോണ്‍ സ്‌ക്രീനിംഗ്, സ്പീച്ച് തെറാപ്പി, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഈ അംഗത്വത്തിലൂടെ കേരളത്തിലെ ഹിയറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന മാതൃകയായി എത്തിക്കുന്നതാണ്. ഈ വലിയ നേട്ടം കൈവരിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിനേയും ഇ.എന്‍.ടി. വിഭാഗത്തേയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

 

കേരളത്തിലാദ്യമാണ് ഇങ്ങനെയൊരംഗീകാരം ലഭിക്കുന്നത്. എയിംസിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. 6 ഇംപ്ലാന്റ് സര്‍ജന്‍മാരാണിവിടെയുള്ളത്. ഇവിടെ നിന്നും 355 പേര്‍ക്കാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. സാമൂഹ്യ സുരക്ഷ മിഷന്റെ ശ്രുതിതരംഗം പദ്ധതി വന്നതിന് ശേഷം 300 ഓളം പേര്‍ക്ക് സൗജന്യമായാണ് കോക്ലിയര്‍ ഇപ്ലാന്റേഷന്‍ നടത്തിയത്. കേരളത്തില്‍ ഏറ്റവുമധികം ഇംപ്ലാന്റേഷന്‍ നടത്തിയതും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. 4,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ വിശാലമായ പോസ്റ്റ് ഇംപ്ലാന്റ് ആന്റി വെര്‍ബല്‍ തെറാപ്പി സെന്റര്‍ ഈ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ മിഷന്റെ സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട്. ഇംപ്ലാന്റ് കഴിഞ്ഞ 120 കുട്ടികള്‍ക്കാണ് ഇവിടെ റഗുലര്‍ തെറാപ്പി നല്‍കിവരുന്നത്. സര്‍ക്കാരിന്റെ പദ്ധതിയിലൂടെ 500 പേര്‍ക്ക് കേള്‍വി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ബോണ്‍ കണ്ടക്ഷന്‍ ഹിയറിംഗ് എയ്ഡ് സര്‍ജറി നടത്തുന്ന ഏക മെഡിക്കല്‍ കോളേജ് കൂടിയാണിത്. 13 ഓളം കുട്ടികള്‍ക്ക് ഈ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 4,000ത്തോളം മേജര്‍ ഹിയര്‍ സര്‍ജറികളാണ് ഇവിടെ പ്രതിവര്‍ഷം നടത്തുന്നത്. സാമൂഹ്യ സുരക്ഷ മിഷന്റെ കാതോരം പദ്ധതിയിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 15,000ത്തോളം നവജാത ശിശുക്കളുടെ കേള്‍വി പരിശോധനകളാണ് പ്രതിവര്‍ഷം നടത്തി മതിയായ ഇടപെടലുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേള്‍വി പരിശോധനകള്‍ നടത്തുന്നതും ഇവിടെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week