കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് അഗ്‌നിരക്ഷാസേനയുടെയും വിലയിരുത്തല്‍. തീപിടിത്തത്തിന്റെ രീതി കണ്ടാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം കാരണമെന്ന് ജയലക്ഷ്മി സില്‍ക്‌സ് ഉടമയും വ്യക്തമാക്കിയിരുന്നു. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. എത്ര നഷ്ടമുണ്ടായെന്ന് കൃത്യമായി കണക്കാക്കാന്‍ സമയമെടുക്കും. 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ രണ്ടിരട്ടി നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഇന്നലെ വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ തീപിടുത്തം പത്തരയോടെയാണ് അണയ്ക്കാനായത്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരായ അത്തോളി സ്വദേശി എസ്. സ്വാലിഹ്, പാലക്കാട് സ്വദേശി കെ.നൗഫല്‍ എന്നിവരാണു തീപിടിത്തം ആദ്യം കാണുന്നത്. ആനിഹാള്‍ റോഡിലെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ ഇവര്‍ കെട്ടിടത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് 6.05ന് അഗ്‌നിരക്ഷാ സേനാ യൂണിറ്റില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനിടെ, തുണിത്തരങ്ങള്‍ വാങ്ങാനെത്തിയവരെയും കടയിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
സുരക്ഷാ അലാം മുഴങ്ങിയതും ജീവനക്കാര്‍ക്കു രക്ഷപ്പെടാന്‍ സഹായകരമായി. 6.25ന് അഗ്‌നിരക്ഷാ സേനയുടെ 3 യൂണിറ്റുകളെത്തി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കോണിയില്‍ മുകളിലേക്കു കയറിയെങ്കിലും കനത്ത ചൂടു കാരണം പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നു പൊലീസ്, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, കല്ലായി റോഡിലുള്ള സ്ഥാപനത്തിന്റെ മുന്‍വശത്തു കൂടി അകത്തു കയറി, അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കുകയും തീ മുന്‍ഭാഗത്തേക്കു പടരുന്നതു തടയാനായി വാതിലുകളെല്ലാം അടയ്ക്കുകയും ചെയ്തു.
ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തെത്തിയെന്നു ഷോറൂം ജീവനക്കാര്‍ ഉറപ്പു വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി, സമീപത്തെ കെട്ടിടങ്ങളിലെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു. പൊലീസ്, കല്ലായി റോഡില്‍ പൂര്‍ണമായും ഗതാഗതം തടഞ്ഞു.
7 മണിയോടെ തീ ഒന്നാം നിലയിലേക്കും വ്യാപിച്ച് ആളിക്കത്താന്‍ തുടങ്ങി. കനത്ത പുക വ്യാപിച്ചു. പാനലുകള്‍ പൊട്ടിത്തെറിച്ച് ആനിഹാള്‍ റോഡില്‍ വീഴാന്‍ തുടങ്ങി. ഇതോടെ, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ അകലേക്കു മാറി, വെള്ളം ചീറ്റിച്ചു. പരിസരത്തുണ്ടായിരുന്നവരെ പൂര്‍ണമായി പൊലീസ് മാറ്റി. മൂന്നാം നിലയില്‍ കയറി, പാനലിലെ ചില്ലു പൊട്ടിക്കാന്‍ വീണ്ടും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ശ്രമം നടത്തി.
7.45ന് തീ അല്‍പം കുറഞ്ഞെങ്കിലും പൊടുന്നനെ വീണ്ടും ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി. സ്ഥലത്തെത്തിയ മേയര്‍ ഒ.സദാശിവന്‍, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ ബന്ധപ്പെടുകയും കലക്ടര്‍ വിമാനാത്താവളത്തിലെ എയര്‍ക്രാഫ്റ്റ് റസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് യൂണിറ്റിനെ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി, ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ 2 നിലകളില്‍ വന്‍ തീപിടിത്തം. മുകളിലത്തെ നിലകളിലുണ്ടായ അഗ്‌നിബാധയില്‍ കോടികളുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണു നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 156 ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്; ഇരട്ടിയിലധികം ഉപയോക്താക്കളും ഉണ്ടായിരുന്നതായി കണക്കാക്കുന്നു. കുഴഞ്ഞുവീണ 2 വനിതാ ജീവനക്കാരടക്കം 5 പേര്‍ക്കു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കി.
കാര്‍ പാര്‍ക്കിങ്ങിനുള്ള ഭൂഗര്‍ഭ നിലയടക്കം 4 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള നിലയില്‍, കന്റീനിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുകയുയര്‍ന്നത്. അഗ്‌നിരക്ഷാ അലാം മുഴങ്ങിയതോടെ, ഉപയോക്താക്കളെയും ജീവനക്കാരെയും കെട്ടിടത്തില്‍ നിന്നു പുറത്തിറക്കി. ഇതിനിടെ കോയമ്പത്തൂര്‍ സ്വദേശികളായ ജീവനക്കാരായ ദിവ്യ, അനാമിക എന്നിവര്‍ കുഴഞ്ഞുവീണു. ബീച്ചില്‍ നിന്ന് 6.25ന് ആദ്യ അഗ്‌നിരക്ഷാ സേനാ യൂണിറ്റെത്തി.
രാത്രി എട്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. ബീച്ചിനു പുറമേ മീഞ്ചന്ത, താമരശ്ശേരി, വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളും കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് യൂണിറ്റും 2 മണിക്കൂറിലധികം ശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. മന്ത്രി എ.കെ.ശശീന്ദ്രന്‍, മേയര്‍ ഒ.സദാശിവന്‍ എന്നിവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 2023 ഏപ്രിലില്‍ ഇതേ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിനു രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചിരുന്നു.
കോഴിക്കോട് നഗരത്തിലെ അഗ്‌നിരക്ഷാ യൂണിറ്റുകളുടെ കുറവാണ് ജയലക്ഷ്മി സില്‍ക്ക്‌സിലുണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി.
Summary: Massive Fire at Jayalakshmi Silks, Kozhikode; Short Circuit Suspected
A devastating fire broke out at the Jayalakshmi Silks showroom in Kozhikode yesterday evening, resulting in losses worth crores of rupees. The Fire and Rescue Services department, along with the showroom management, preliminarily concluded that a short circuit was the likely cause of the blaze. The fire, which started around 6:00 PM, took over four and a half hours of intensive effort to be brought under control by 10:30 PM.


