കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നിവയുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ നിർണ്ണായക തീരുമാനം വരുന്നത്. നേരത്തെ തന്ത്രിയുടെ റിമാൻഡ് കാലാവധി കോടതി നീട്ടിയിരുന്നു.
ജാമ്യഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തുസമ്പാദനം സംബന്ധിച്ച നിർണ്ണായക തെളിവുകൾ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപങ്ങൾ കണ്ടെത്തിയതായാണ് എസ്ഐടിയുടെ റിപ്പോർട്ട്. തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇ.ഡി നടത്തിയ റെയ്ഡിൽ തന്ത്രിക്ക് ഈ സ്ഥാപനവുമായി അടുത്ത സാമ്പത്തിക ബന്ധമുള്ളതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം തന്ത്രിക്കെതിരെ കേസ് എടുക്കാനുള്ള നീക്കങ്ങളും ഇതിനിടെ നടക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ ഇടപെടാൻ അവസരമൊരുക്കിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയതായും റിപോർട്ടിലുണ്ട്. തന്ത്രിയുടെ പദവി ഉപയോഗിച്ച് ചില നടപടികൾക്ക് അദ്ദേഹം വേഗത്തിൽ അംഗീകാരം നൽകിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ താൻ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടതെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് കണ്ഠര് രാജീവരുടെ വാദം. പ്രതികളുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ശാരീരികമായ അസുഖങ്ങൾ അലട്ടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈനായാണ് അദ്ദേഹം കോടതിയിൽ ഹാജരായത്.
ഈ കേസിലെ മറ്റ് പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർക്ക് കോടതി നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് ഇവർക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിൽ തന്ത്രിക്കും ജാമ്യം ലഭിക്കുമോ എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
സ്വർണ്ണത്തിന് പകരം വ്യാജ നിർമ്മിതികൾ വെച്ചതിൽ തന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നും വിവരം ബോധപൂർവ്വം മറച്ചുവെച്ചുവെന്നുമാണ് എസ്ഐടി ആരോപിക്കുന്നത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ആവർത്തിച്ചു. കോടതിയുടെ വിധി പകർപ്പ് വന്നതിന് ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
The Kollam Vigilance Court is set to deliver its verdict today on the bail application of Thanthri Kanthararu Rajeevaru, a key figure in the Sabarimala gold theft case. The application pertains to two specific charges: the Kattilappali (door frame) case and the Dwarapalaka (guardian deity) idol case.


