കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായിരുന്നു. തുടർന്നാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ ഫ്ളാറ്റിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി.
ഒരു മാസത്തിനിടെ നൂറോളം പേർ ഫ്ളാറ്റിൽ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൽ കൂടുതലും വിദ്യാർഥികളാണ്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചയുടൻ ശനിയാഴ്ച ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഫ്ളാറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരിൽ നിന്ന് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയെടുത്തത്. പ്രതികളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടേയും കയ്യേറ്റ ശ്രമം ഉണ്ടായി.
കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ നാല് പേരാണ് പ്രതികൾ. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെ.എ അജ്നാസ്, ഇടത്തിൽതാഴം നെടുവിൽ പൊയിൽ എൻ.പി വീട്ടിൽ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറിൽ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമിൽ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി വീണ്ടും ബലാൽസംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നുവെന്നാണ് കേസ്.
പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോൾ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷ കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതർ ഈ പീഡന വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ്റ് കമ്മീഷണർ കെ.സുദർശന്റ നേതൃത്ത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പീഡനവിവരം പുറത്തായതിനെ തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി നടത്തിയ സമഗ്രമായ അന്വേഷണത്തിൽ കക്കയം തലയാട് വനമേഖലയിൽ ഒരു രഹസ്യകേന്ദ്രത്തിൽ പ്രതികളുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെ അർധരാത്രിയോടെ കേന്ദ്രം വളയുകയായിരുന്നു. പോലീസിനെ ആക്രമിച്ച് ഉൾക്കാട്ടിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിറകെ ഓടി ബലപ്രയോഗത്തിലൂടെ സാഹസികമായാണ് കീഴടക്കിയത്.
48 മണിക്കൂറിനകം മുഴുവൻ പ്രതികളേയും പിടികൂടാൻ കഴിഞ്ഞത്കോഴിക്കോട് സിറ്റി പൊലീസിന് വൻനേട്ടമായി. അന്വേഷണ സംഘത്തിൽ എ.സി.പി കെ.സുദർശന് പുറമെ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്.ഐ സുനിൽകുമാർ, എസ്.ഐ ഷാൻ, എസ്.ഐഅഭിജിത്, ഡെൻസാഫ് അഗങ്ങളായ എ.എസ്.ഐ വാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.