റാസ്പുടിന് ചുവടുവെച്ച് കോവിഷീല്‍ഡും കൊവാക്സിനും! വൈറല്‍ വീഡിയോ പങ്കുവെച്ച് കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ വേറിട്ട രീതിയില്‍ ബോധവത്കരണവുമായി കോഴിക്കോട് കളക്ടര്‍ രംഗത്ത്. പുറത്തിറങ്ങിയ ഉടന്‍ വൈറലായ വാസിന്‍ ഡാന്‍സ് ആണ് കോഴിക്കോട് ജില്ലാ കളക്ടറും പങ്കുവെച്ച് ജനങ്ങളില്‍ വാക്സിന്റെ പ്രാധാന്യം വളര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് തന്നെ കോഴിക്കോടും എറണാകുളത്തുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് വാക്സിന്‍ പ്രചാരണ വീഡിയോ കളക്ടര്‍ തന്നെ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ വലിയ വാര്‍ത്തയും വൈറലുമായ റാസ്പുടിന്‍ ഗാനത്തിന് ചുവടുവെക്കുന്ന കൊവാക്സിനും കൊവിഷീല്‍ഡുമാണ് ആനിമേഷന്‍ വീഡിയോയിലുള്ളത്. 30 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കോഴിക്കോട് ജില്ലാ കളക്ടര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രഷ് ദ കര്‍വ് ക്യാംപയിനിന്റെ ഭാഗമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചുവടുവെച്ചാണ് ‘റാസ്പുടിന്‍’ എന്ന ഗാനം ഈയടുത്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായത്. ഇതിന് പിന്നാലെയാണ് ഇതേ ഗാനവുമായി വാക്സിന്‍ പ്രചാരണ വീഡിയോ ഇറക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News