KeralaNews

Mansiya: മന്‍സിയയെ വിലക്കിയ സംഭവം: വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

തൃശൂര്‍: മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ക്കെട്ടിനുളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഭരണസമിതി അറിയിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് നര്‍ത്തകിയായ മന്‍സിയ വി.പിയെ ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഏപ്രില്‍ 21 വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയാണ് മന്‍സിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മന്‍സിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താല്‍ മുടങ്ങിയെന്നും മന്‍സിയ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’
ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.
നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് രീി്ലൃ േആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് convert ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

മതേതര കേരളം

Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button