കൊല്ലം: ഭാരതീപുരം കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്ന് കൊല്ലപ്പെട്ട ഷാജിയുടെ സഹോദരൻ. ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുളള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണ് ഷാജി കൊല്ലപ്പെട്ടതെന്നാണ് സഹോദരന്‍റെ മൊഴി.
സംഭവത്തില്‍ സജിന് പുറമേ അമ്മയും ഭാര്യയും കേസില്‍ പ്രതികളാകും. കൊലപാതകം നടന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടിയാണ് രണ്ടു വര്‍ഷക്കാലം കൊലപാതക വിവരം പുറത്തറിയാതെ സൂക്ഷിക്കാന്‍ കുടുംബത്തിന് സഹായമായത്.
2019ലെ തിരുവോണനാളിലാണ് സഹോദരന്‍റെ ആക്രമണത്തില്‍ കൊല്ലം ഭാരതീപുരം സ്വദേശി ഷാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. കസ്റ്റഡിയിലുളള ഷാജിയുടെ സഹോദരന്‍ സജിന്‍റെ മൊഴിയനുസരിച്ച് തിരുവോണനാളില്‍ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം.
വീട്ടില്‍ ഓണമുണ്ണാന്‍ എത്തിയ സജിന്‍റെ ഭാര്യ ആര്യയയെ ഷാജി ആക്രമിക്കാന്‍ ശ്രമിച്ചു. പിടിച്ചു മാറ്റാന്‍ വന്ന അമ്മ പൊന്നമ്മയെയും അടിച്ചു. അക്രമാസക്തനായ ഷാജിയെ പിന്തിരിപ്പിക്കാന്‍ കമ്പിവടി കൊണ്ട് കൊടുത്ത അടിയേറ്റ് ഷാജി മരിക്കുകയായിരുന്നെന്നാണ് സജിന്‍ പൊലീസിനോട് പറഞ്ഞത്.
ഷാജി മരിച്ചെന്നറിഞ്ഞതോടെ കിണറിനു സമീപം കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കുഴിക്കു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മണ്ണിട്ട് മൂടിയെന്നും സജിന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അയല്‍പക്കത്തെങ്ങും മറ്റ് വീടുകള്‍ ഇല്ലാതിരുന്നതും കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ കാരണമായി. കൊല്ലപ്പെട്ട ഷാജി ഇടയ്ക്കിടെ നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നയാളായതിനാല്‍ നാട്ടുകാര്‍ക്കും സംശയം ഉണ്ടായില്ല.
എന്നാല്‍ നാലുമാസം മുമ്പ് വീട്ടിലെത്തിയ ബന്ധുവിനോട് ഷാജിയുടെ അമ്മ പൊന്നമ്മ കൊലപാതക വിവരം സൂചിപ്പിച്ചതാണ് വിനയായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ കുടുംബവുമായി എന്തോ ചെറിയ കാര്യത്തിന് തെറ്റിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
സ്വപ്നത്തില്‍ ഷാജിയെത്തി കൊലപാതക വിവരം തന്നോട് പറഞ്ഞെന്നാണ് ബന്ധുവിന്‍റെ മൊഴിയെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. കസ്റ്റഡിയിലുളള സജിനെതിരെ കൊലപാതക കുറ്റവും അമ്മ പൊന്നമ്മയ്ക്കും ഭാര്യ ആര്യയ്ക്കുമെതിരെ തെളിവു നശിപ്പിക്കലിനുമാകും പൊലീസ് കേസ്.