32.3 C
Kottayam
Monday, April 29, 2024

കോഹ്ലിയുടെ അടിയ്ക്ക് അയ്യരുടെയും നരെയ്‌ന്റെയും തിരിച്ചടി;ബാംഗ്‌ളൂരിനെ തകര്‍ത്ത് കൊല്‍ക്കൊത്ത

Must read

ബംഗളൂരു: <a>ഐപിഎല്ലില്‍</a> റോയല്‍ ചലഞ്ചേഴ്‌സിനെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്ത്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം.

ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5  ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരെയ്ന്‍ (47), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. 

ഗംഭീര തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (20 പന്തില്‍ 30) – നരെയ്ന്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. നരെയ്‌നെ വിജയ്കുമാര്‍ വിശാഖ് ബൗള്‍ഡാക്കി. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്ന്‍റെ ഇന്നിംഗ്‌സ്. വൈകാതെ സാള്‍ട്ടും മടങ്ങി.

എന്നാല്‍ വെങ്കടേഷ് – ശ്രേയസ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനരികെ വെങ്കടേഷ് വീണെങ്കിലും റിങ്കു സിംഗിനെ (5) കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ (39) ടീമിനെ വിജയത്തിലേക്ക് നയിച്ചു.  

നേരത്തെ കോലിക്ക് പുറമെ കാമറൂണ്‍ ഗ്രീന്‍ (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ കോലി – ഗ്രീന്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന നല്‍കി. കോലിക്കൊപ്പം 42 റണ്‍സ് ചേര്‍ത്താണ് മാക്‌സി മടങ്ങിയത്. 

തുടര്‍ന്നെത്തിയ രജത് പടിദാര്‍ (3), അനുജ് റാവത്ത് (3) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 151 എന്ന നിലയിലായി ആര്‍സിബി. പിന്നീട് അവസാന രണ്ട് ഓവറില്‍ കോലി – ദിനേശ് കാര്‍ത്തിക് (8 പന്തില്‍ 20) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. കോലിയുടെ ഇന്നിംഗ്‌സില്‍ നാല് വീതം ഫോറും സിക്‌സുമുണ്ടായിരുന്നു. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങിയത്. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week